കൊൽക്കത്ത: അനധികൃത കുടിയേറ്റക്കാർക്കെതിരെ സ്വരം കടുപ്പിച്ച് പശ്ചിമ ബംഗാൾ സർക്കാർ. നിയമ നടപടിയെടുക്കുന്നതിന് മുൻപ് തന്നെ കുടിയേറ്റക്കാർ ഇവിടെ നിന്നും സ്ഥലം വിടണമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി മുന്നറിയിപ്പ് നൽകി.
നിലവിലെ വിദേശനയത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ നീക്കമെന്നും ഇത് പുതിയ നീക്കമല്ലെന്നും അനധികൃത കുടിയേറ്റക്കാർ ഉടൻ തന്നെ സ്ഥലം വിടണമെന്നും അദ്ദേഹം പറഞ്ഞു. അവരുടെ പൗരൻമാരെ തിരിച്ചെടുക്കേണ്ട ഉത്തരവാദിത്വം അവരുടെതാണ്. നമ്മുടെ രാജ്യത്തുനിന്നും അവരുടെ പൗരൻമാരെ തിരിച്ചെടുക്കാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് ഇതിനകം അറിയിച്ചിട്ടുണ്ടെന്നും അധികാരി പറഞ്ഞു.
അനധികൃത കുടിയേറ്റക്കാരായി സംശയിക്കുന്നവരെ ജയിലിലേക്ക് അയക്കരുതെന്ന് പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പകരം നേരെ ബിഎസ്എഫിനെ ഏൽപ്പിക്കാനാണ് തീരുമാനം. ‘എന്തിനാണ് നമ്മൾ അവരെ ഇവിടെ താമസിപ്പിക്കുന്നത്? ഇന്ത്യയുടെ വിഭവങ്ങൾ നമ്മൾ എന്തിനാണ് പാഴാക്കുന്നത്? ഈ കുടിയേറ്റക്കാർ നമ്മുടെ മരുമക്കളാണോ?’ അദ്ദേഹം ചോദിച്ചു. അവർ സ്വമേധയാ ഒഴിഞ്ഞുപോയില്ലെങ്കിൽ സർക്കാർ ശക്തമായ നടപടിയെടുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.






