ന്യൂഡൽഹി: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻറെ വീടുകളിൽ ഇ.ഡി. റെയ്ഡ് നടത്തിയതിനെതിരെ സിപിഎം കേന്ദ്രകമ്മിറ്റി. മുൻ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ വീടുകളിലും പരിശോധന നടന്നതായി റിപ്പോർട്ടുകളുണ്ട്.
സിപിഎം എക്‌സിൽ നടത്തിയ പോസ്റ്റിൽ, ഇത് പ്രതിപക്ഷ നേതാവിനെ ലക്ഷ്യംവെച്ചുള്ള രാഷ്ട്രീയ ആക്രമണമാണെന്ന് ആരോപിച്ചു. ഇത്തരം നടപടികൾ പിണറായി വിജയനെയോ സി.പി.എമ്മിനെയോ ഭയപ്പെടുത്തില്ലെന്നും പാർട്ടി വ്യക്തമാക്കി. കൂടാതെ, ഈ റെയ്ഡിൽ യുഡിഎഫ് സർക്കാരിന് പങ്കുണ്ടോ എന്നും സിപിഎം ചോദിച്ചു. മാസപ്പടി കേസുമായി ബന്ധപ്പെട്ട് കേരളത്തിലും കർണാടകയിലുമായി 12 ഇടങ്ങളിലാണ് ഇ.ഡി. പരിശോധന നടക്കുന്നത്. രാവിലെ ആറുമണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. മൂന്ന് മണിക്കൂറിലേറെയായി പരിശോധന തുടരുകയാണെന്നാണ് വിവരം.
തിരുവനന്തപുരത്തെ പിണറായി വിജയന്റെ വാടകവീട്ടിലും കണ്ണൂരിലെ സ്വന്തം വീട്ടിലും ഇ.ഡി. സംഘം പരിശോധന നടത്തുന്നു. പിണറായി വിജയനെയും മകൾ വീണ വിജയനെയും ഇഡി ചോദ്യം ചെയ്യുന്നതായും റിപ്പോർട്ടുകളുണ്ട്. മുന്നറിയിപ്പില്ലാതെ നടത്തിയ റെയ്ഡിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സിപിഎം പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു.






