തിരുവനന്തപുരം: സിഎംആര്‍എല്‍–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് പിണറായിയുടെ കണ്ണൂരിലെയും തിരുവനന്തപുരത്തെയും വീടുകൾ ഉൾപ്പെടെ 12 ഇടങ്ങളിൽ ഇ ഡി പരിശോധന നടത്തുന്നു. രാവിലെ ഏഴ് മണിക്കു മുമ്പാണ് റെയ്ഡ് ആരംഭിച്ചത്.
തിരുവന്തപുരത്തെ വാടകവീട്, കണ്ണൂരിലെ കുടുംബവീട്, മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വീട്, സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ കൊച്ചിയിലെ വീട്, ആലുവയിലെ സിഎംആർഎൽ ഓഫീസ്, ബെംഗളൂരുവിലെ എക്സാലോജിക് ഓഫീസ് എന്നിവിടങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്.
പിണറായി വിജയനും മകൾ വീണ വിജയനും തിരുവനന്തപുരത്തെ വാടകവീട്ടിലുണ്ടെന്നാണ് വിവരം. ഇരുവരുടെയും മൊഴി അന്വേഷണസംഘം ശേഖരിക്കുകയാണ്.
കണ്ണൂരിലെ വീട്ടിലെത്തിയ ഉദ്യോഗസ്ഥർ വീട് അടഞ്ഞുകിടക്കുന്നതിനാൽ കെയർടേക്കറെ വിളിച്ചുവരുത്തിയാണ് പരിശോധന ആരംഭിച്ചത്. പരിശോധനയെ തുടർന്ന് സിപിഐഎം പ്രവർത്തകർ സ്ഥലത്ത് പ്രതിഷേധവുമായി എത്തി.
അതേസമയം, റെയ്ഡ് നടന്ന സമയത്ത് മുഹമ്മദ് റിയാസ് വീട്ടിലുണ്ടായിരുന്നില്ല. “വളഞ്ഞിട്ടടിച്ചോളൂ, പക്ഷേ സംഘപരിവാറിന് മുമ്പിൽ കുമ്പിടില്ല. അവസാന ശ്വാസം വരെയും പോരാടും,” എന്നാണ് മുഹമ്മദ് റിയാസ് പ്രതികരിച്ചത്.
സംഭവത്തെ തുടർന്ന് സിപിഐഎം അടിയന്തര സെക്രട്ടറിയേറ്റ് യോഗം വിളിച്ചു. പ്രതിഷേധ പരിപാടികൾ സംബന്ധിച്ച തീരുമാനം യോഗത്തിൽ എടുക്കും. പിണറായിയിൽ പ്രകടനം നടത്താനും പാർട്ടി തീരുമാനിച്ചതായി വിവരം.






