വാഷിംഗ്ടൺ: യുഎസിലെ വാഷിങ്ടൺ സംസ്ഥാനത്തെ ലോംഗ്‍വ്യൂ നഗരത്തിലുള്ള പ്രമുഖ പാക്കേജിങ് കമ്പനിയായ ‘നിപ്പോൺ ഡൈനോവേവ്’ പ്ലാന്റിൽ കെമിക്കൽ ടാങ്ക് തകർന്നുണ്ടായ അപകടത്തിൽ നിരവധി തൊഴിലാളികൾക്ക് പരിക്ക്. അപകടത്തിൽ ആരും മരിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തിൽ പത്തിലധികം തൊഴിലാളികൾക്ക് പൊള്ളലേൽക്കുകയും പരിക്കേൽക്കുകയും ചെയ്തതായി രക്ഷാപ്രവർത്തകർ വ്യക്തമാക്കി. ഏകദേശം 80,000 ഗാലൻ ശേഷിയുള്ള ടാങ്കിൽ അപകടസമയത്ത് 60 ശതമാനത്തോളം രാസദ്രാവകം ഉണ്ടായിരുന്നുവെന്നാണ് വിവരം.
ടാങ്ക് തകർന്നതിനെ തുടർന്ന് രാസവസ്തു പ്ലാന്റിനുള്ളിലേക്ക് വ്യാപകമായി പടർന്നു. അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
ഫാക്ടറിയ്ക്ക് പുറത്തുള്ള ജനവാസ മേഖലകളിലേക്ക് രാസവസ്തുക്കൾ പടർന്നിട്ടില്ലാത്തതിനാൽ പ്രദേശവാസികൾക്ക് നിലവിൽ ആരോഗ്യഭീഷണിയില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.






