ദുബായ്: ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ത്യാഗസ്മരണയുടെ ആഘോഷമായ ബലിപെരുന്നാൾ. ദുബായിലെയും മറ്റ് എമിറേറ്റുകളിലെയും പള്ളികളിലും ഈദ്ഗാഹുകളിലും വിശ്വാസികൾ വലിയ തോതിൽ പ്രാർത്ഥനയ്ക്ക് എത്തി. യുഎഇയിലെ വിവിധ ഭാഗങ്ങളിൽ പുലർച്ചെയോടെ തന്നെ പെരുന്നാൾ നമസ്‌കാരം നടന്നു.
ഇബ്രാഹിം നബിയുടെയും മകൻ ഇസ്മാഈൽ നബിയുടെയും ത്യാഗസ്മരണ പുതുക്കുന്ന ഈദിന്റെ ഭാഗമായി, പള്ളികൾ വിശ്വാസികളെക്കൊണ്ട് നിറഞ്ഞിരുന്നു. പ്രാർത്ഥനയ്ക്ക് ശേഷം പരസ്പരം ആശംസകൾ കൈമാറിയും ആലിംഗനം ചെയ്തും ജനങ്ങൾ സന്തോഷം പങ്കുവെച്ചു.
കുട്ടികൾ മുതിർന്നവരിൽ നിന്ന് ഈദി സ്വീകരിക്കുന്നതും കുടുംബസംഗമങ്ങളും ആഘോഷങ്ങളുടെ ഭാഗമായിരുന്നു. സർക്കാർ വകുപ്പുകളും ടൂറിസം കേന്ദ്രങ്ങളും ഷോപ്പിങ് മാളുകളും ചേർന്ന് വിവിധ പരിപാടികളും ഒരുക്കിയിട്ടുണ്ട്.






