മോസ്കോ: പുതിയ എബോള വൈറസ് വകഭേദമായ ബുണ്ടിബുഗ്യോ എബോളയ്ക്കെതിരെ വാക്‌സിൻ വികസിപ്പിച്ചതായി റഷ്യ അവകാശപ്പെട്ടു. റഷ്യൻ ശാസ്ത്രജ്ഞരാണ് നേട്ടം കൈവരിച്ചതെന്നും ആരോഗ്യമന്ത്രി മിഖായേൽ മുരാഷ്കോ അറിയിച്ചു.
നിലവിൽ അംഗീകൃത വാക്‌സിനോ പ്രത്യേക ചികിത്സയോ ഇല്ലാത്ത ഈ വകഭേദത്തിനെതിരെ പുതിയ വാക്‌സിൻ സംരക്ഷണം നൽകുമെന്നാണ് പ്രതീക്ഷയെന്ന് റഷ്യ പറയുന്നു. എന്നാൽ വാക്‌സിന്റെ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച് അന്താരാഷ്ട്ര തലത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും അയൽരാജ്യമായ ഉഗാണ്ടയിലും ബുണ്ടിബുഗ്യോ എബോള വ്യാപനം തുടരുന്നതോടെ ലോകാരോഗ്യ സംഘടന ആശങ്ക രേഖപ്പെടുത്തി. രോഗവ്യാപനം കണക്കിലെടുത്ത് ഇത് പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഈ വകഭേദം അതീവ അപകടകാരിയാണെന്നും മരണനിരക്ക് 25 ശതമാനം മുതൽ 90 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്നും പറയുന്നു.
നിലവിൽ വ്യാപകമായി ഉപയോഗിക്കുന്ന ഏക എബോള വാക്‌സിൻ Ervebo ആണ്. ഇത് പ്രധാനമായും സയർ എബോള വൈറസിനെ ലക്ഷ്യമിട്ടതാണ്. മറ്റ് അംഗീകൃത വാക്‌സിനുകൾ ആയ സാബ്ഡെനോയും മ്വാബിയയും ഈ പുതിയ വകഭേദത്തിനെതിരെ ഫലപ്രാപ്തി തെളിയിച്ചിട്ടില്ല.
റഷ്യയുടെ പ്രഖ്യാപനം ആഗോള ശ്രദ്ധ നേടിയിട്ടുണ്ടെങ്കിലും മനുഷ്യരിൽ നടത്തിയ ക്ലിനിക്കൽ പരീക്ഷണങ്ങളുടെയും വിശദമായ ഡാറ്റയുടെയും അടിസ്ഥാനത്തിലുള്ള സ്ഥിരീകരണം അനിവാര്യമാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇതിനിടെ, അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് മെഡിക്കൽ ബ്രാഞ്ചും യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫോർഡും ഉൾപ്പെടെയുള്ള ഗവേഷണ സ്ഥാപനങ്ങൾ പുതിയ എബോള വകഭേദങ്ങളെ ലക്ഷ്യമിടുന്ന പരീക്ഷണ വാക്‌സിനുകൾ വികസിപ്പിക്കുന്നതിൽ പ്രവർത്തിച്ചുവരുന്നതായും റിപ്പോർട്ടുകളുണ്ട്.






