ന്യൂഡൽഹി: സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും മരുമകൻ മുഹമ്മദ് റിയാസിന്റെയും വീടുകളിൽ ഇഡി നടത്തിയ പരിശോധനയെക്കുറിച്ചുള്ള ജോൺ ബ്രിട്ടാസിന്റെ ആരോപണങ്ങൾ ശശി തരൂർ തള്ളി. ഇഡി റെയ്ഡിൽ കോൺഗ്രസിന്റെ ഗൂഢാലോചന ഉണ്ടെന്ന് പറയാൻ കഴിയില്ലെന്ന് തരൂർ വ്യക്തമാക്കി.
മുൻ മുഖ്യമന്ത്രിയെ സത്യപ്രതിജ്ഞാ ചടങ്ങിൽ ബഹുമാനപൂർവം പരിഗണിച്ചതും, മുഖ്യമന്ത്രി അദ്ദേഹത്തെ നേരിൽ കണ്ട് ആദരം പ്രകടിപ്പിച്ചതും ചൂണ്ടിക്കാട്ടിയ തരൂർ, കോൺഗ്രസിന് അനുരഞ്ജന നിലപാടാണുള്ളതെന്നും പറഞ്ഞു.
അരവിന്ദ് കെജ്രിവാളിനെതിരായ നടപടിപോലെ പിണറായിയെ ലക്ഷ്യമിടാൻ കോൺഗ്രസ് നേതൃത്വം ഇഡിയെ പ്രോത്സാഹിപ്പിച്ചു എന്ന ജോൺ ബ്രിട്ടാസിന്റെ ആരോപണത്തെയാണ് അദ്ദേഹം തള്ളിയത്.
അതേസമയം, സിഎംആർഎൽ കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വീടുകൾ ഉൾപ്പെടെ 12 ഇടങ്ങളിൽ ഇഡി പരിശോധന തുടരുകയാണ്. തിരുവനന്തപുരത്തെയും കണ്ണൂരിലെയും വീടുകൾ, സി.എം.ആർ.എൽ. ഓഫീസ്, വീണ വിജയന്റെ എക്സാലോജിക് കമ്പനി ഉൾപ്പെടെയുള്ള ഇടങ്ങളിലാണ് അന്വേഷണം നടക്കുന്നത്.






