ബ്യൂണസ് അയേഴ്സ്: സൂപ്പര്‍ താരം ലയണല്‍ മെസിയുടെ പരിക്കിനെ കുറിച്ചുള്ള ആശങ്കകള്‍ നില്‍ക്കെ അര്‍ജന്റീന ആരാധകരെ ആശങ്കയിലാക്കി മറ്റ് താരങ്ങളുടെ പരിക്കും. മെസ്സിയുടെ പരിക്ക് ആശങ്കാജനകമല്ലെന്നാണ് കോച്ച് ലയണല്‍ സ്കളോനി പറയുന്നത്. എന്നാല്‍, ലോകകപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെ ഇപ്പോള്‍ പ്രഖ്യാപിച്ച ടീമിലെ അര ഡസനോളം താരങ്ങളെങ്കിലും പരിക്കിന്റെ പിടിയിലാണ്.
ഖത്തര്‍ ലോകകപ്പിന്റെ ഹീറോ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് വലത് കൈയിന്റെ മോതിരവിരലിന് പരിക്കേറ്റ് വിശ്രമത്തിലാണ്. കഴിഞ്ഞയാഴ്ച യൂറോപ്പ ലീഗ് ഫൈലനിന് മുന്നോടിയായുള്ള വാംഅപ്പിനിടെയാണ് മാര്‍ട്ടിനെസിന് പരിക്കേറ്റത്. എന്നാല്‍, ഫ്രെയ്ബര്‍ഗിനെതിരായ മത്സരത്തില്‍ മാര്‍ട്ടിനെസ് കളിച്ചിരുന്നു. ഇതാണ് അര്‍ജന്റീനയ്ക്ക് പ്രതീക്ഷ നല്കുന്ന ഘടകം.
ടോട്ടനം പ്രതിരോധതാരം ക്രിസ്റ്റ്യന്‍ റൊമേരോയാണ് പരിക്കേറ്റ മറ്റൊരു താരം. വലതു കാല്‍മുട്ടിനാണ് പരിക്ക്. റൈറ്റ് ബാക്കുകളായ അത്ലറ്റികോയുടെ നാവല്‍ മൊളീനയും റിവര്‍ പ്ലേറ്റിന്റെ ഗോണ്‍സാലോ മോണ്ടിയലും പേശിക്ക് പരിക്കേറ്റ് വിശ്രമത്തിലാണ്. ഈ ലോകകപ്പിന്റെ താരമാകുമെന്ന് വിലയിരുത്തപ്പെടുന്ന നിക്കോ പാസിന് മുട്ടിനേറ്റ പരിക്ക് കാരണം സീരി എയിലെ കോമോയുടെ അവസാന മത്സരത്തില്‍ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. പേശിക്ക് പരിക്കേറ്റ അത്ലറ്റിക്കോ വിങ്ങര്‍ നിക്കോളസ് ഗോണ്‍സാലസും വിശ്രമത്തിലാണ്.
പരിക്ക് അലട്ടുന്ന ഈ കളിക്കാര്‍ ആരും തന്നെ ലോകകപ്പിന് മുന്നോടിയായി വരുംദിവസങ്ങളില്‍ നടക്കേണ്ട അര്‍ജന്റീനയുടെ സന്നാഹ മത്സരങ്ങളില്‍ പങ്കെടുക്കില്ലെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ ഇതിനുവേണ്ടി ഏതാനും താരങ്ങളെ കൂടി കോച്ച് സാധ്യതാ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.






