തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥർക്കുനേരെയുണ്ടായ ആക്രമണത്തിൽ അന്വേഷണം ശക്തമാക്കി കേരള പൊലീസ്. കേസിലെ പ്രതികളായ മുൻ കൗൺസിലർമാരായ ആറ്റുകാൽ ഉണ്ണി, ഐ.പി. ബിനു എന്നിവരെ തേടി പൊലീസ് ഇവരുടെ വീടുകളിൽ പരിശോധന നടത്തി. ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ ഐ.പി. ബിനു ചീമുട്ട എറിയുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ആക്രമണക്കേസിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇഡിയുടെ നടപടികളെ പ്രതിരോധിക്കാൻ സിപിഎം പ്രവർത്തകർ നടത്തിയ ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന വിലയിരുത്തലിലാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ. സംഭവത്തെ തുടർന്ന് ദേശീയ തലത്തിൽ സിപിഎം പ്രതിരോധത്തിലായിരിക്കുകയാണ്. പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും നടപടി വിവേകശൂന്യമാണെന്ന വിമർശനവും ശക്തമായി ഉയരുന്നുണ്ട്.
കേസിൽ പ്രതികളായ സിപിഎം പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവിൽ ചിലർക്കെതിരെയാണ് നടപടി സ്വീകരിച്ചിട്ടുള്ളതെങ്കിലും, ദൃശ്യങ്ങളിൽ വ്യക്തമായി തിരിച്ചറിയാവുന്ന കൂടുതൽ പേരെ പ്രതിചേർക്കാൻ സാധ്യതയുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.




