വാഷിംഗ്ടൺ: അമേരിക്കയിൽ ബേസ്ബോൾ ബാറ്റ് ഉപയോഗിച്ച് ഒരാളെ ആക്രമിച്ച കേസിൽ ഇന്ത്യൻ പൗരനെ ഫെഡറൽ അധികൃതർ അറസ്റ്റ് ചെയ്തു. മസാച്യുസെറ്റ്സിലെ വോർസെസ്റ്ററിൽ നടന്ന സംഭവത്തിൽ ധവൽ പട്ടേൽ എന്നയാളാണ് പിടിയിലായത്.
മെയ് 16-നാണ് ധവലിനെ പ്രാദേശിക പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. ജോലി ചെയ്തിരുന്ന ബാറിലെത്തിയ ഒരാളുമായി ഉണ്ടായ തർക്കത്തിനിടെ ഇയാൾ ബേസ്ബോൾ ബാറ്റ് ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് കേസ്. അപകടകരമായ ആയുധം ഉപയോഗിച്ച് ആക്രമിച്ചതിന് പൊലീസ് കേസെടുത്തു.
ആദ്യ അറസ്റ്റിന് പിന്നാലെ സംഭവം അമേരിക്കയിൽ രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവച്ചു. അനധികൃതമായി രാജ്യത്ത് പ്രവേശിച്ച വ്യക്തിയാണെന്ന വിവരം യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിനെ (ICE) അറിയിക്കാതെയാണ് മസാച്യുസെറ്റ്സിലെ പ്രാദേശിക ഭരണകൂടം ധവലിനെ ജാമ്യത്തിൽ വിട്ടയച്ചത്. അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുന്ന പ്രാദേശിക നയങ്ങളുടെ ഭാഗമായാണ് നടപടി എന്നാണ് റിപ്പോർട്ട്.
പ്രാദേശിക ഭരണകൂടം ഇമിഗ്രേഷൻ വകുപ്പുമായി സഹകരിക്കാത്ത സാഹചര്യത്തിൽ ഫെഡറൽ ഏജൻസിയായ ഐ.സി.ഇ നേരിട്ട് ഇടപെട്ട് മെയ് 18-ന് ധവലിനെ വീണ്ടും അറസ്റ്റ് ചെയ്തു.
സംഭവത്തെ തുടർന്ന് മസാച്യുസെറ്റ്സിലെ ഭരണകൂടത്തിനെതിരെ യു.എസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി രൂക്ഷ വിമർശനം ഉന്നയിച്ചു. ക്രിമിനൽ കേസുകളിലുള്ള അനധികൃത കുടിയേറ്റക്കാരെ മോചിപ്പിക്കുന്നത് പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ആക്ടിങ് അസിസ്റ്റന്റ് സെക്രട്ടറി ലോറൻ ബിസ് പ്രസ്താവനയിൽ പറഞ്ഞു.
ധവൽ പട്ടേൽ യു.എസിൽ എപ്പോൾ, എങ്ങനെ നിയമവിരുദ്ധമായി പ്രവേശിച്ചുവെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് അധികൃതർ അറിയിച്ചു.






