കൊച്ചി: മൂന്ന് മലയാളികൾ ഉൾപ്പെടെ ഇക്വറ്റോറിയൽ ഗിനിയയിൽ അന്യായമായി തടവിലാക്കിയ 26 നാവികരെയും അന്താരാഷ്ട്ര കോടതി കുറ്റവിമുക്തരാക്കി. നാവികർക്ക് അന്യായ കസ്റ്റഡിക്കായി നഷ്ടപരിഹാരം നൽകാനും കപ്പൽ കമ്പനി കെട്ടിവെച്ചിരുന്ന 2 മില്യൺ യൂറോ തിരികെ നൽകാനും ഇൻ്റർനാഷണൽ ട്രിബ്യൂണൽ ഫോർ ലോ ആൻഡ് സീ ഉത്തരവിട്ടു.
അന്താരാഷ്ട്ര കപ്പൽച്ചാൽ ലംഘനം, ക്രൂഡോയിൽ കടത്ത് തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് നാവികരെ ഇക്വറ്റോറിയൽ ഗിനിയ കസ്റ്റഡിയിലെടുത്തിരുന്നത്. 2022 ഓഗസ്റ്റിലായിരുന്നു 16 ഇന്ത്യക്കാർ ഉൾപ്പെടെയുള്ള നാവികരെ അറസ്റ്റ് ചെയ്തത്.
കേസിൽ നാവികർക്ക് അനുകൂലമായാണ് ഇൻ്റർനാഷണൽ ട്രിബ്യൂണൽ ഫോർ ലോ ആൻഡ് സീ വിധി പ്രസ്താവിച്ചത്. അന്യായ തടങ്കലിന് നഷ്ടപരിഹാരം നൽകണമെന്നും കോടതി നിർദേശിച്ചു.
“ഏകാധിപത്യ രാജ്യത്തിന്റെ നടപടികൾ വലിയ വെല്ലുവിളിയായിരുന്നു. സത്യം തെളിയിക്കാൻ ഒപ്പം നിന്ന എല്ലാവർക്കും നന്ദിയുണ്ട്,” എന്ന് ചീഫ് ഓഫീസർ സനു ജോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഇല്ലാത്ത കുറ്റങ്ങൾ ചുമത്തിയാണ് മാസങ്ങളോളം നാവികരെ തടവിൽ പാർപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.






