കൊച്ചി: സംസ്ഥാനത്ത് ഇ.ഡി നടത്തിയ റെയ്ഡിനെതിരെ സി.പി.ഐ(എം) നടത്തിയ പ്രതിഷേധ മാർച്ചിനെ തുടർന്ന് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തു. പ്രതിഷേധത്തിൽ പങ്കെടുത്ത പ്രമുഖ നേതാക്കൾ ഉൾപ്പെടെ കണ്ടാലറിയാവുന്ന ഇരുപതോളം പ്രവർത്തകർക്കെതിരെയാണ് നടപടി.
സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ ജില്ലാ സെക്രട്ടറി എസ്. സതീഷ്, കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവ്, സംസ്ഥാന കമ്മിറ്റി അംഗം എം. സ്വരാജ്, ജില്ലാ കമ്മിറ്റി അംഗം അഡ്വ. അരുൺ കുമാർ, മുൻ എം.എൽ.എ കെ.എൻ. ഉണ്ണികൃഷ്ണൻ എന്നിവരുടെ പേരുകൾ എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ലോക്കൽ കമ്മിറ്റി ഓഫീസിൽ നിന്ന് ആരംഭിച്ച മാർച്ച് പാർക്ക് അവന്യൂ റോഡ്, ഷണ്മുഖം റോഡ് വഴി മേനക ജംഗ്ഷനിലേക്കാണ് നീങ്ങിയതെന്ന് പോലീസ് അറിയിച്ചു. പ്രതിഷേധക്കാർ നിയമവിരുദ്ധമായി സംഘം ചേർന്നതും മുദ്രാവാക്യം വിളിച്ചതും ഗതാഗത തടസ്സം സൃഷ്ടിച്ചതുമാണ് കേസിന് കാരണമായത്.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) സെക്ഷൻ 173 പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ, ബിഎൻഎസ് 189(2), 191(2), 190, 285 വകുപ്പുകളും 2011-ലെ കേരള പബ്ലിക് വേയ്‌സ് ആക്ട് സെക്ഷൻ 6-ഉം ചുമത്തിയിട്ടുണ്ട്.
എറണാകുളം സെൻട്രൽ പോലീസ് സബ് ഇൻസ്പെക്ടർ രാംലാൽ എ.ആർ ആണ് പരാതിക്കാരൻ. ഗ്രേഡ് എസ്.ഐ രാജേഷ് കെ. ചെല്ലപ്പനാണ് കേസിന്റെ അന്വേഷണം നടത്തുന്നത്.






