എറണാകുളം: നടി അൻസിബ ഹസൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. തൃപ്പൂണിത്തുറ സബ് ഇൻസ്പെക്ടർ രേഷ്മയ്ക്കും നടി ലക്ഷ്മിപ്രിയക്കുമെതിരെയാണ് പരാതി. പൊലീസ് സ്റ്റേഷനിൽ നിയമവിരുദ്ധമായി തടവിൽ വെച്ചതായും, വ്യാജ പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അൻസിബ ആരോപിച്ചു. സ്റ്റേഷനിൽ വിളിച്ചുവരുത്തി അവഹേളിക്കുകയും വനിതാ പൊലീസ് ഉദ്യോഗസ്ഥ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, താരസംഘടനയായ ‘അമ്മ’യിൽ ഉണ്ടായ തർക്കങ്ങളെ തുടർന്ന് അൻസിബ ഹസൻ, ടിനി ടോം, കുക്കു പരമേശ്വരൻ, ലക്ഷ്മി പ്രിയ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ജൂൺ ഒന്നിനും മൂന്നിനും ഇടയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാനാണ് നിർദേശം.
ടിനി ടോമിനെതിരായ പരാതിയിൽ അൻസിബയെ കേൾക്കാൻ ‘അമ്മ’ നേതൃത്വം തീരുമാനിച്ചിട്ടുണ്ടെങ്കിലും, നിഷ്പക്ഷ സമിതി വേണമെന്ന നിലപാടിലാണ് അൻസിബ. രമേഷ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, മാലാ പാർവ്വതി എന്നിവർ ഉൾപ്പെട്ട സമിതി വേണമെന്നും, മൊഴി വീഡിയോയായി രേഖപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.
ജൂൺ 21ന് നടക്കുന്ന ജനറൽ ബോഡി യോഗത്തിന് മുമ്പ് സംഘടനയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ‘അമ്മ’ ഭരണസമിതിയുടെ ശ്രമം.






