ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയിക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ച സംഭവം വിവാദത്തിൽ. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന ആള് കൂടിയായിട്ടും വിജയ്ക്ക് അനുമതി നിഷേധിക്കുകയായിരുന്നു. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന തമിഴ്നാട് മുഖ്യമന്ത്രി ഡൽഹിയിൽ ഉണ്ടായിട്ടും കാണാതെ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യാത്ത കേരള മുഖ്യമന്ത്രി വി.ഡി സതീശന് അനുമതി നൽകിയതും വിവാദത്തിന് തിരികൊളുത്തി. അനുമതി നിഷേധിച്ചതോടെ വിജയ് ഡൽഹി സന്ദർശനം വെട്ടിച്ചുരുക്കി തമിഴ്നാട്ടിലേക്ക് മടങ്ങിയിരുന്നു.
മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം 2026 മേയ് മാസത്തിലായിരുന്നു വിജയ് തന്റെ ആദ്യ ഔദ്യോഗിക ഡൽഹി സന്ദർശനം നടത്തിയത്. സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെയുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഡൽഹി സന്ദർശനത്തിൽ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളും മേക്കേദാട്ടു അണക്കെട്ട് പദ്ധതിയും ഉൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ചയ്ക്ക് വിജയിന്റെ ഓഫീസ് സമയം ചോദിച്ചിരുന്നത്.






