ബുഡാപെസ്റ്റ്: ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ ഇന്ന് കിരീടപ്പോരാട്ടം. നിലവിലെ ചാമ്പ്യൻമാരായ പിഎസ്ജിയും ഇംഗ്ലീഷ് വമ്പൻമാരായ ആർസനലുമാണ് നേർക്കുനേർവരുന്നത്. ഹംഗറിയിലെ പുസ്‌കാസ് അരീനയിൽ രാത്രി 9.30നാണ് ആവേശ മത്സരം. മിക്കൽ ആർട്ടേറ്റയുടെ നേതൃത്വത്തിൽ 22 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് പ്രീമിയർ ലിഗിൽ മുത്തമിട്ടതിന്റെ ആത്മവിശ്വാസവുമായാണ് ഗണ്ണേഴ്‌സ് യൂറോപ്പ് പിടിക്കാനിറങ്ങുന്നത്. കരുത്തരായ ബയേൺ മ്യൂണികിനെ ഇരുപാദങ്ങളിലും തകർത്തുവിട്ടാണ് ലൂയിസ് എന്റിക്വെയുടെ സംഘം കലാശക്കളിക്ക് ടിക്കറ്റെടുത്തത്.
ഓപ്പൺ പ്ലേയിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ നിരാശപ്പെടുത്തുമ്പോഴും സെറ്റ്പീസിൽ ആർസനലിനെ വെല്ലാൻ മറ്റുടീമുകളില്ല. സെറ്റ്-പീസുകളിൽ ഈ സീസണിലുടനീളം ഗണ്ണേഴ്‌സ് അപടകകാരിയാണ്. അത് തന്നെയാണ് അവരുടെ കരുത്തും. ഖ്വിച്ച ക്വാറത്സ്‌ഖേലിയയുടെ അതിവേഗ മുന്നേറ്റങ്ങളെ തകഞ്ഞ് നിർത്തുകയെന്നത് ഫൈനലിൽ ആർസനലിന് വലിയ വെല്ലുവിളിയാകും. ലെഫ്റ്റ് വിങ് ബാക് ന്യൂനോ മെൻഡിസിന്റെ സാന്നിധ്യവും പിഎസ്ജിക്ക് പോസിറ്റീവാണ്. പരിക്ക് മാറിയെത്തുന്ന ടിംബറിനെ കളിപ്പിച്ചില്ലെങ്കിൽ ക്രിസ്റ്റ്യൻ മോസ്‌കെറെയാകും റൈറ്റ്-ബാക് പൊസിഷനിൽ എത്തുക. കലാശപ്പോരാട്ടത്തിൽ ആഴ്‌സണലിന്റെ സ്‌ട്രോങ് പ്രതിരോധവും പിഎസ്ജിയുടെ തീപാറുന്ന ആക്രമണനിരയും തമ്മിലുള്ള ഏറ്റുമുട്ടൽ കൂടിയാകും.






