മാന്നാർ: അച്ചൻകോവിലാറ്റിൽ ചാടി കാണാതായ ബി.ബി.എ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നിത്തല സൗത്ത് പനവേലിൽ ഗീവർഗീസ് (രാജൻ) – കുഞ്ഞുമോൾ ദമ്പതികളുടെ മകനായ നിധിൻ വർഗീസ് (21) ആണ് മരിച്ചത്.
കോട്ടയം പാത്താമുട്ടത്തെ സെന്റ് ഗിറ്റ്സ് എൻജിനീയറിങ് കോളേജിലെ ഒന്നാംവർഷ വിദ്യാർഥിയായിരുന്നു നിധിൻ. ബുധനാഴ്ച രാവിലെ ആറരയോടെ വലിയപെരുമ്പുഴ ഭാഗത്ത് നിന്ന് അച്ചൻകോവിലാറ്റിലേക്ക് യുവാവ് ചാടുന്നത്.
സംഭവത്തെ തുടർന്ന് മാവേലിക്കരയിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും തിരുവല്ലയിൽ നിന്നുള്ള സ്കൂബ ടീമും വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും ആദ്യഘട്ടത്തിൽ കണ്ടെത്താനായില്ല. തുടർന്ന് ഉച്ചയോടെ അച്ചൻകോവിലാറിലെ ചെന്നിത്തല വലിയപെരുമ്പുഴ കാങ്കേരി ദ്വീപിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം നടത്തി.






