എറണാകുളം: പെരുമ്പാവൂരിൽ പരസ്യ ചിത്രീകരണത്തിനിടെ മോഡൽ മുങ്ങിമരിച്ചു. ഡൽഹി അംബേദ്കർ നഗർ സ്വദേശി ദിയാൻഷു ജോഷിയാണ് മരിച്ചത്. പെരുമ്പാവൂരിലെ ഒരു പാറമടയിലെ വെള്ളക്കെട്ടിൽ നീന്താൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.
ഡൽഹി ആസ്ഥാനമായ തുണിമില്ലിന്റെ പരസ്യ ചിത്രീകരണത്തിനായാണ് ദിയാൻഷു സംഘത്തോടൊപ്പം പെരുമ്പാവൂരിലെത്തിയത്. അപകടത്തിന് പിന്നാലെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് പുറത്തെടുത്ത മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഇതേ പാറമടയിൽ മുമ്പും അപകടങ്ങൾ ഉണ്ടായിട്ടുള്ളതിനാൽ പ്രദേശത്തേക്കുള്ള പ്രവേശനം അധികൃതർ നിരോധിച്ചിരുന്നതായി നാട്ടുകാർ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.




