ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ചതിന് പിന്നാലെ രാജ്യസഭയിലേക്ക് പോകണമെന്ന കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദേശം നിരസിച്ച് സിദ്ധരാമയ്യ. രാജ്യസഭയിലേക്കല്ല, എംഎൽഎയായിത്തന്നെ കർണാടക രാഷ്ട്രീയത്തിൽ തുടരാനാണ് താത്പര്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
“കോൺഗ്രസ് ഹൈക്കമാൻഡ് ഡി.കെ. ശിവകുമാറിനെ അടുത്ത മുഖ്യമന്ത്രിയായി നിർദേശിച്ചു. അതിന് ഞാൻ സമ്മതിച്ചു,” വ്യാഴാഴ്ച വസതിയിൽ സംഘടിപ്പിച്ച പ്രഭാതഭക്ഷണ യോഗത്തിനിടെ സിദ്ധരാമയ്യ പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്ന സാഹചര്യത്തിൽ ഹൈക്കമാൻഡ് അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും, അത് അദ്ദേഹം നിരസിക്കുകയായിരുന്നു. അടുത്ത മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ ചുമതലയേൽക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും സിദ്ധരാമയ്യ പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു.
വ്യാഴാഴ്ച ലോക്ഭവനിലെത്തി ഗവർണറുടെ പ്രൈവറ്റ് സെക്രട്ടറിക്കാണ് സിദ്ധരാമയ്യ രാജിക്കത്ത് കൈമാറിയത്. ഗവർണർ താവർ ചന്ദ് ഗഹ്ലോത് നിലവിൽ മധ്യപ്രദേശിലായതിനാൽ, അദ്ദേഹം മടങ്ങിയെത്തിയ ശേഷമാകും രാജി ഔദ്യോഗികമായി സ്വീകരിക്കുക.
സിദ്ധരാമയ്യയുടെ രാജിക്കുശേഷം വെള്ളിയാഴ്ച കോൺഗ്രസ് നിയമസഭാകക്ഷിയോഗം ചേരാനാണ് സാധ്യത. യോഗത്തിൽ ഡി.കെ. ശിവകുമാറിനെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കുമെന്നാണ് റിപ്പോർട്ട്.
ഡൽഹിയിൽ എഐസിസി നേതൃത്വവുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് സിദ്ധരാമയ്യ സ്ഥാനം ഒഴിയാൻ തീരുമാനിച്ചത്. സർക്കാർ മൂന്ന് വർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ, രണ്ടര വർഷത്തിന് ശേഷം അധികാരം കൈമാറുമെന്ന ധാരണ മുൻപ് ഉണ്ടായിരുന്നുവെന്ന് ഡി.കെ. ശിവകുമാർ പക്ഷം അവകാശപ്പെടുന്നു. ഈ വിഷയത്തിൽ പാർട്ടിക്കുള്ളിൽ ഏറെ നാളായി അഭിപ്രായഭിന്നത നിലനിന്നിരുന്നു.






