തിരുവനന്തപുരം: പ്രവർത്തനം തുടങ്ങി 18 മാസങ്ങൾക്കുള്ളിൽ 20 ലക്ഷം ടിഇയു (ട്വന്റി ഫൂട്ട് ഇക്വിവലന്റ് യൂണിറ്റ്സ്) കൈകാര്യം ചെയ്ത് വിഴിഞ്ഞം രാജ്യാന്തര തുറമുഖം ചരിത്രനേട്ടം കൈവരിച്ചു. രാജ്യത്തെ ഏറ്റവും വേഗത്തിൽ ഈ നേട്ടം നേടുന്ന തുറമുഖമാണിതെന്ന് അധികൃതർ അറിയിച്ചു.
ഇതുവരെ തുറമുഖത്ത് 950-ൽ അധികം കപ്പലുകൾ എത്തിയിട്ടുണ്ട്. ഇതിൽ 67 അൾട്രാ ലാർജ് കണ്ടെയ്നർ വെസലുകളും ഉൾപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളിലൊന്നായ എംഎസ്‌സി ഐറിന, എംഎസ്‌സി വെറോണ എന്നിവയും ഇവിടെ നങ്കൂരമിട്ടിരുന്നു. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ നിർമിച്ച തുറമുഖം 2024 ഡിസംബറിൽ വാണിജ്യ പ്രവർത്തനം ആരംഭിച്ചു. 2025 മേയിൽ ഇത് രാജ്യത്തിന് സമർപ്പിക്കപ്പെട്ടു.
2025 ഓഗസ്റ്റിൽ തന്നെ വിഴിഞ്ഞം 10 ലക്ഷം ടിഇയു എന്ന നേട്ടവും കൈവരിച്ചിരുന്നു. രാജ്യാന്തര കപ്പൽ പാതയിൽ നിന്ന് 10 നോട്ടിക്കൽ മൈൽ മാത്രം അകലെ സ്ഥിതിചെയ്യുന്ന തുറമുഖം, ദക്ഷിണേഷ്യ, പശ്ചിമേഷ്യ, യൂറോപ്പ്, ആഫ്രിക്ക, ദക്ഷിണ അമേരിക്ക എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന ട്രാൻഷിപ്മെന്റ് ഹബ്ബായി വളരുകയാണ്.
ഇന്ത്യയിൽ മുമ്പ് വലിയ തോതിൽ ട്രാൻഷിപ്മെന്റ് ചരക്കുകൾ വിദേശ തുറമുഖങ്ങളിലൂടെയായിരുന്നു കൈകാര്യം ചെയ്തിരുന്നത്. ഇത് കുറയ്ക്കാൻ വിഴിഞ്ഞം സഹായകമാകുമെന്ന് വിലയിരുത്തുന്നു. ഏകദേശം 16,000 കോടി രൂപയുടെ രണ്ടാംഘട്ട വികസനം നിലവിൽ പുരോഗമിക്കുകയാണ്. 2028ഓടെ ഇത് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. തുടർന്ന് കണ്ടെയ്നർ കൈകാര്യം ചെയ്യാനുള്ള ശേഷി വർധിച്ച് സമ്പൂർണ എക്സിം പ്രവർത്തനങ്ങൾക്ക് വഴിയൊരുങ്ങും.





