കൊച്ചി: പൊലീസിനും നടി ലക്ഷ്മി പ്രിയയ്ക്കുമെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതി മുഖ്യമന്ത്രി വി.ഡി. സതീശൻ പൊലീസ് മേധാവിക്ക് കൈമാറി. പരാതിയിൽ തുടർ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ഇക്കാര്യം അൻസിബയെ അറിയിച്ചിട്ടുമുണ്ട്.
തൃപ്പൂണിത്തുറ സബ് ഇൻസ്‌പെക്ടർ രേഷ്മയ്ക്കും നടി ലക്ഷ്മി പ്രിയയ്ക്കുമെതിരെയാണ് അൻസിബ പരാതി നൽകിയത്. പൊലീസ് സ്റ്റേഷനിൽ നിയമവിരുദ്ധമായി തടഞ്ഞുവെച്ചതായും എസ്.ഐ തന്നെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിൽ പറയുന്നു.
ലക്ഷ്മി പ്രിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയപ്പോൾ അവഹേളനമേറ്റുവാങ്ങേണ്ടി വന്നതായും അൻസിബ ആരോപിച്ചു. തനിക്കെതിരായ പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്നും അവർ പറഞ്ഞു. സംഭവത്തിൽ നേരിട്ട മാനസിക ബുദ്ധിമുട്ടുകൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരവും അൻസിബ ആവശ്യപ്പെട്ടിട്ടുണ്ട്.





