മലപ്പുറം: കാറിൽ സഞ്ചരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്ന ലഹരി കടത്ത് സംഘത്തിലെ രണ്ട് പേർ പിടിയിലായി. കോഴിക്കോട് ഫറൂഖ് ചുങ്കം സ്വദേശി പടന്നയിൽ മുഹമ്മദ് ഷഫീഖ് എന്ന മാന്ത ഷഫീഖ് (32), ചാലിയം സ്വദേശി കൈതവളപ്പിൽ അബ്ദുൾ നിസ്താർ (31) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി കൊണ്ടോട്ടി പെരിയമ്പലത്ത് നടത്തിയ പരിശോധനയ്ക്കിടെയായിരുന്നു അറസ്റ്റ്.
പ്രതികളിൽ നിന്ന് ഏഴ് ഗ്രാം എംഡിഎംഎ, അഞ്ച് ഗ്രാം ഹാഷിഷ് ഓയിൽ, ഇലക്ട്രോണിക് ത്രാസ്സ്, 31,000 രൂപയും മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തു.
അറസ്റ്റിലായ ഷഫീഖിനെ കഴിഞ്ഞ വർഷം 50 കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. ആ കേസിൽ നാല് മാസം മുമ്പാണ് ഇയാൾ ജാമ്യത്തിൽ പുറത്തിറങ്ങിയത്. തുടർന്ന് വീണ്ടും ലഹരിമരുന്ന് വിൽപ്പനയിൽ സജീവമായതായാണ് പൊലീസ് കണ്ടെത്തിയത്.
മറ്റൊരു പ്രതിയായ അബ്ദുൾ നിസ്താറിനെതിരെ പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിൽ കൊലപാതകശ്രമക്കേസും മോഷണക്കേസുകളും നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു.




