തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ആറു പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ആറ്റുകാൽ ഉണ്ണി, വിജയ്, സിദ്ധാർഥ്, നിഷാദ്, ചാല ഉണ്ണി, ഷൈജു സലിം എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്നലെ രാത്രി കിഴക്കേകോട്ട തകരപ്പറമ്പ് ഭാഗത്ത് നിന്നാണ് പിടികൂടിയത്. വൈദ്യപരിശോധന അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 25 ആയി.
അതേസമയം, കേസിലെ ഒന്നുമുതൽ അഞ്ചുവരെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി പറയും. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
പ്രതികൾക്കെതിരെ വധശ്രമം, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പിഡിപിപി നിയമപ്രകാരമുള്ള വകുപ്പുകൾ എന്നിവ ചുമത്തിയിട്ടുണ്ട്. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്റെ വാദം.എന്നാൽ വധശ്രമം അടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു.






