കോട്ടയം: ഇന്ത്യയിലെ റബർ മേഖലയ്ക്ക് 2025–26 വർഷത്തിൽ മികച്ച മുന്നേറ്റം ഉണ്ടായതായി റിപ്പോർട്ട്. ഈ വർഷത്തെ ഉൽപാദനം 9.05 ലക്ഷം ടണ്ണിൽ എത്തി. മുൻവർഷം ഇത് 8.75 ലക്ഷം ടണ്ണായിരുന്നു. റബർ ബോർഡ് സ്റ്റാറ്റിസ്റ്റിക്സ് കൺസൽറ്റേറ്റീവ് പാനൽ പ്രകാരം ഉൽപാദനത്തിൽ 3.4 ശതമാനം വളർച്ചയും ഉപയോഗത്തിൽ 1.2 ശതമാനം വളർച്ചയും രേഖപ്പെടുത്തി. 2024–25ൽ 14.10 ലക്ഷം ടണ്ണായിരുന്ന ഉപയോഗം 14.27 ലക്ഷം ടണ്ണായി ഉയർന്നു.
പ്രകൃതിദത്ത റബർ ഉൽപാദന രാജ്യങ്ങളിൽ ഇന്ത്യ ഇപ്പോൾ ആറാം സ്ഥാനത്താണ്. അനുകൂല കാലാവസ്ഥ, ടാപ്പിങ് ദിവസങ്ങൾ വർധിച്ചത്, ഉൽപാദനക്ഷമതയിലെ വർധന എന്നിവയാണ് ഉൽപാദനം കൂടാൻ പ്രധാന കാരണം. മഴമറ ഇടൽ, മരുന്നുതളി എന്നിവയ്ക്കുള്ള റബർ ബോർഡ് സഹായം, സ്വയം ടാപ്പിങ് പ്രോത്സാഹനം, ആർപിഐഎസ് പ്രകാരമുള്ള വില ഉറപ്പാക്കൽ തുടങ്ങിയ പദ്ധതികളും ഉൽപാദനത്തിന് സഹായകമായതായി വിലയിരുത്തുന്നു.
ഈ മാസം 14ന് ആർഎസ്എസ് 4 കിലോഗ്രാമിന് 262 രൂപ എന്ന റെക്കോർഡ് വിലയും രേഖപ്പെടുത്തി. ചെറുകിട-വൻകിട കർഷകർ, ഡീലർമാർ, പ്രോസസർമാർ, വ്യവസായികൾ തുടങ്ങിയവരുടെ പ്രതിനിധികൾ ഉൾപ്പെട്ടതാണ് സ്റ്റാറ്റിസ്റ്റിക്സ് കൺസൽറ്റേറ്റീവ് പാനൽ.






