തിരുവനന്തപുരം: ആറ്റിങ്ങൽ കച്ചേരി ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ‘കൂൾമേറ്റ് ഗ്രാഫിക്സ്’ എന്ന സ്ഥാപനത്തിൽ വൻ തീപിടുത്തം. അപകടത്തിൽ സ്ഥാപനം പൂർണമായും കത്തിനശിച്ചു. ഇന്ന് പുലർച്ചെ നാല് മണിക്ക് ശേഷമാണ് സംഭവം. സ്ഥാപനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട വഴിയാത്രക്കാരാണ് ഫയർ ഫോഴ്സിനെ വിവരം അറിയിച്ചത്. ഉടൻ തന്നെ ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും സ്ഥാപനത്തിനുള്ളിലെ ഉപകരണങ്ങളും മറ്റ് സാധനങ്ങളും ഇതിനോടകം കത്തി നശിച്ചിരുന്നു.
ഒരു കോടിയോളം രൂപയുടെ നഷ്ടമാണ് സംഭവിച്ചതെന്ന് സ്ഥാപന ഉടമ അറിയിച്ചു. ഫ്ലെക്സ് പ്രിന്റിങ് മെഷീനുകൾ, ബോർഡ് നിർമ്മാണ യൂണിറ്റുകൾ, യു.പി.എസ്, കമ്പ്യൂട്ടറുകൾ, സ്റ്റിക്കർ കട്ടിങ്, ഡിജിറ്റൽ പ്രിന്റിങ് ഉപകരണങ്ങൾ, ഇൻവെർട്ടർ എന്നിവ പൂർണമായും കത്തിനശിച്ചു.
കെട്ടിടത്തിനുള്ളിൽ പാർക്ക് ചെയ്തിരുന്ന മാരുതി ഈക്കോ വാഹനത്തിനും ചൂടേറ്റ് നാശനഷ്ടമുണ്ടായി. ആറ്റിങ്ങൽ ഫയർ ഫോഴ്സിന്റെ ദ്രുതഗതിയിലുള്ള ഇടപെടലിനെ തുടർന്ന് തീ പൂർണമായും നിയന്ത്രണവിധേയമാക്കി.
ഫയർ ഫോഴ്സിന്റെ സമയോചിതമായ പ്രവർത്തനത്തെ തുടർന്ന് സമീപത്തെ കടകളിലേക്കും വീടുകളിലേക്കും തീ പടരുന്നത് ഒഴിവാക്കാനായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും ഷോർട്ട് സർക്യൂട്ടാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.





