തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കേരളാ തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. കടൽ പ്രക്ഷുബ്ധമായിരിക്കാനുള്ള സാധ്യതയെ തുടർന്നാണ് നിയന്ത്രണം തുടരുന്നത്.
അതേസമയം, അടുത്ത നാല് ദിവസത്തിനുള്ളിൽ കാലവർഷം കേരളാ തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ മുന്നൊരുക്കങ്ങൾ ശക്തമാക്കണമെന്ന് അധികൃതർ അറിയിച്ചു.






