തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതക കേസിൽ പ്രതി അഷ്‌കറിനെ പോലീസ് തെളിവെടുപ്പിന് എത്തിച്ചു. നെടുമങ്ങാട് പൊലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ കുഞ്ഞും പ്രതിയും താമസിച്ചിരുന്ന പനവൂരിലെ നെല്ലിക്കുന്ന് കരിക്കുഴിയിലെ വാടക വീട്ടിലാണ് തെളിവെടുപ്പ് നടത്തിയത്.
തെളിവെടുപ്പിനിടെ പ്രദേശത്ത് സംഘർഷാവസ്ഥയും ഉണ്ടായി. പ്രതിയെ സ്ഥലത്തെത്തിച്ചപ്പോൾ നാട്ടുകാർ ആക്രോശിച്ച് കയ്യേറ്റത്തിന് ശ്രമിച്ചതായും പോലീസ് ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രിച്ചതായും വിവരം ലഭിച്ചു.
ഇന്ന് പുലർച്ചെ പ്രതിയുടെ വാഹനം അജ്ഞാത സംഘം അടിച്ചുതകർത്തിരുന്നു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്.
കുഞ്ഞ് ഭക്ഷണം കഴിക്കുന്നതിനിടെ കരഞ്ഞതിനെ തുടർന്ന് തലയിൽ ശക്തമായി അടിച്ചുവെന്നാണ് അഷ്‌കർ പൊലീസിന് നൽകിയ മൊഴി. അടിയേറ്റ് കുഞ്ഞിന് ബോധം നഷ്ടപ്പെട്ടുവെന്നും ഇയാൾ സമ്മതിച്ചിട്ടുണ്ട്.
ടാക്‌സി തൊഴിലാളിയായിരുന്ന അഷ്‌കർ ആറുമാസം മുൻപാണ് പനവൂരിലെ വാടക വീട്ടിലേക്ക് താമസം മാറിയത്. രണ്ട് മാസം മുൻപാണ് അഖിലയും കുഞ്ഞും ഇവിടെ എത്തിയത്. പ്രദേശവാസികളുടെ മൊഴിപ്രകാരം, ഇരുവരും അധികം സാമൂഹിക ഇടപെടലുകളില്ലാത്തവരായിരുന്നു.
അഷ്‌കറും അഖിലയും താമസിച്ചിരുന്ന വീട് ചുറ്റുമുള്ള പ്രദേശം വളരെ ഒറ്റപ്പെട്ടതായിരുന്നുവെന്നും, കുഞ്ഞിനെ ക്രൂരമായി പീഡിപ്പിക്കാൻ ഇത് ഉപയോഗപ്പെടുത്തിയതാണോ എന്ന സംശയവും നാട്ടുകാർ ഉയർത്തുന്നു.
പ്രതിയുടെ മൊഴിയും കുഞ്ഞിന്റെ ശരീരത്തിലെ മുറിവുകളും പരിശോധിച്ച പോലീസ്, ദീർഘകാലമായി കുട്ടി മർദ്ദനത്തിനിരയായിരുന്നുവെന്നാണ് വിലയിരുത്തൽ. കുഞ്ഞിന്റെ കൈകൾ ഒടിഞ്ഞത് ഉൾപ്പെടെ ക്രൂരമായ ആക്രമണത്തിന്റെ ഭാഗമാണോയെന്നും പരിശോധിക്കുന്നു.
കൊലപാതകത്തിൽ അമ്മ അഖിലയുടെ പങ്കിനെക്കുറിച്ചും പോലീസ് അന്വേഷണം തുടരുകയാണ്. കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.






