പാലക്കാട്: സംസ്ഥാനത്ത് തേങ്ങയുടെ വില ഈ വർഷം ആദ്യമായി കിലോയ്ക്ക് 38 മുതൽ 40 രൂപ വരെയായി കുറഞ്ഞു. തമിഴ്നാട്ടിൽ തേങ്ങ ഉൽപാദനം വർധിച്ചതും കേരളത്തിലേക്കുള്ള വരവ് കൂടിയതുമാണ് വില ഇടിയാൻ പ്രധാന കാരണമെന്ന് വ്യാപാരികൾ പറയുന്നു. കേരളത്തിലും ഇത്തവണ തേങ്ങ ഉൽപാദനം വർധിച്ചിട്ടുണ്ട്. കൂടാതെ തമിഴ്നാട്ടിൽ കൊപ്രയുടെ വില കുറഞ്ഞതോടെ കൂടുതൽ തേങ്ങ കേരള വിപണിയിലെത്തുന്നതായും വ്യാപാരികൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ ഡിസംബറിൽ കിലോയ്ക്ക് 64 രൂപ വരെ എത്തിയിരുന്ന തേങ്ങവില ജനുവരിയിൽ 60–58 രൂപയായി കുറഞ്ഞിരുന്നു. തുടർന്ന് വില വീണ്ടും താഴ്ന്ന് ഇപ്പോൾ 38–40 രൂപ നിലവാരത്തിലെത്തിയിരിക്കുകയാണ്. സാധാരണയായി മഴ ശക്തമാകുമ്പോൾ തേങ്ങ ഇടുന്നതിനും പൊളിക്കുന്നതിനും ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്.
എന്നാൽ ഇത്തവണ വലിയ തോതിലുള്ള വിലക്കയറ്റത്തിന് സാധ്യത കുറവാണെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. അതേസമയം, തേങ്ങവിലയിലെ തുടർച്ചയായ ഇടിവ് കർഷകർക്ക് തിരിച്ചടിയായിരിക്കുകയാണ്. ഉൽപാദനച്ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ കുറഞ്ഞ വില കർഷകരുടെ ആശങ്ക വർധിപ്പിക്കുന്നുണ്ട്.






