ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറിൽ നിയന്ത്രണരേഖ രഹസ്യമായി കടന്ന് പാകിസ്താനിലേക്ക് പോകാൻ ശ്രമിച്ച മൂന്ന് പേരെ സുരക്ഷാസേന പിടികൂടി.
കരസേനയും ജമ്മു കശ്മീർ പോലീസും ചേർന്ന് നടത്തിയ സംയുക്ത തെരച്ചിലിലാണ് ഇവരെ പിടികൂടിയത്. ഹത്ലംഗ പ്രദേശത്ത് നിന്നാണ് അതിർത്തി കടക്കാനുള്ള ശ്രമം തടഞ്ഞത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
പിടിയിലായവരിൽ ഒരാൾ സസ്‌പെൻഷനിലായ ടെറിട്ടോറിയൽ ആർമി ഉദ്യോഗസ്ഥനാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇവർ സോപൂർ സ്വദേശികളാണെന്നും കൂടുതൽ വിവരങ്ങൾ പരിശോധിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.
ഇതിനിടെ പാക് അധീന കശ്മീരിൽ നിന്നെത്തിയ ഒരാളെയും സൈന്യം പിടികൂടി. ഇയാളെ പിന്നീട് ജമ്മു കശ്മീർ പോലീസിന് കൈമാറിയതായി അധികൃതർ അറിയിച്ചു.
സംഭവങ്ങളിൽ ഉൾപ്പെട്ടവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. അതിർത്തി ലംഘന ശ്രമങ്ങളുടെ ഉദ്ദേശം ഉൾപ്പെടെ അന്വേഷിക്കുകയാണെന്നും സുരക്ഷാസേന അറിയിച്ചു.




