തൃശ്ശൂർ: അതിരപ്പിള്ളി മേഖലയിലെ വെറ്റിലപ്പാറയിൽ വീണ്ടും കാട്ടാന ഇറങ്ങി കൃഷിയിടത്തിൽ നാശം വിതച്ചു. കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ച പ്രദേശത്തിന് സമീപത്താണ് തിങ്കളാഴ്ച പുലർച്ചെയും സംഭവം ഉണ്ടായത്. വെറ്റിലപ്പാറയിലെ ചെമ്മീനിയാടൻ കൃഷ്ണന്റെ കൃഷിയിടത്തിലെത്തിയ കാട്ടാന നിരവധി കൃഷികൾ നശിപ്പിച്ചു. കാട്ടാന കൃഷിയിടത്തിൽ നാശം വിതയ്ക്കുന്നത് കൃഷ്ണൻ കണ്ടെങ്കിലും ഭയം കാരണം വീടിന് പുറത്തേക്ക് ഇറങ്ങിയില്ല.
ഇതിനുമുമ്പ് ഞായറാഴ്ച വൈകിട്ട് ആനമല അന്തർസംസ്ഥാന പാതയിലെ കുമ്മാട്ടി ഭാഗത്ത് ഇറങ്ങിയ കാട്ടാന റോഡ് നിർമാണത്തിനായി കൊണ്ടുവന്ന മണ്ണുമാന്തി യന്ത്രവും തകർത്തിരുന്നു. റോഡരികിൽ നിർത്തിയിട്ടിരുന്ന യന്ത്രമാണ് കാട്ടാന ആക്രമിച്ച് നശിപ്പിച്ചത്.
തുടർച്ചയായി ഉണ്ടാകുന്ന കാട്ടാന ശല്യവും ആക്രമണങ്ങളും പ്രദേശവാസികളിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. സ്ഥിതിഗതികൾ വിലയിരുത്താനും തുടർനടപടികൾ തീരുമാനിക്കാനുമായി വനം മന്ത്രിയുടെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം തിങ്കളാഴ്ച രാവിലെ ചാലക്കുടി ഗസ്റ്റ് ഹൗസിൽ ചേരും. കാട്ടാനയുടെ നിരന്തര സാന്നിധ്യം കാരണം പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.






