തിരുവനന്തപുരം: സംസ്ഥാനത്ത് ആര്‍ത്തവ അവധിയുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ നിര്‍ദ്ദേശം പോസിറ്റീവായ നടപടിയാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്‍. സ്ത്രീകളോടും പെണ്‍കുട്ടികളോടുമുള്ള സര്‍ക്കാരിന്റെ സമീപനം വ്യക്തമാക്കുന്ന പ്രഖ്യാപനമാണിതെന്നും മന്ത്രി പറഞ്ഞു.
ആര്‍ത്തവ കാലത്ത് ചില സ്ത്രീകള്‍ക്ക് വലിയ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെന്നും, ചിലര്‍ക്ക് സാധാരണ രീതിയില്‍ ജോലി ചെയ്യാന്‍ കഴിയുമ്പോഴും മറ്റുചിലര്‍ക്ക് കിടക്കയില്‍ നിന്ന് പോലും എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകാമെന്നും മന്ത്രി പറഞ്ഞു. അതിനാല്‍ ആവശ്യമുള്ളവര്‍ക്ക് അവധി ഉപയോഗപ്പെടുത്താനുള്ള അവസരം ഒരുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
അവധി എടുത്താല്‍ ആരും ബുദ്ധിമുട്ടേണ്ട സാഹചര്യമില്ലെന്നും, ആവശ്യമായവര്‍ക്ക് മാത്രം ഈ സൗകര്യം ഉപയോഗിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ടും മന്ത്രി പ്രതികരിച്ചു. പദ്ധതിയിലെ ചില വശങ്ങള്‍ കൂടുതല്‍ പരിശോധിക്കേണ്ടതുണ്ടെന്നും, മുന്‍ സര്‍ക്കാര്‍ ഒപ്പിട്ട കരാറിന്റെ ഭാവി സംബന്ധിച്ച് വ്യക്തത ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എംഒയു റദ്ദാക്കി എന്ന് അറിയിക്കുന്നതിന്റെ രാഷ്ട്രീയ വശങ്ങളും നിയമപരമായ കാര്യങ്ങളും പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഹയര്‍ സെക്കന്‍ഡറി ഏകീകരണത്തില്‍ അടിയന്തര മാറ്റങ്ങള്‍ ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ പെട്ടെന്ന് തിരുത്തേണ്ടതില്ലെന്നും, പോസിറ്റീവ് മാറ്റങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തതായും, വര്‍ക്ക് നോട്ടുകള്‍ ഉടന്‍ എത്തിക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഏകദേശം 44 ലക്ഷം വിദ്യാര്‍ത്ഥികള്‍ പുതിയ അധ്യയന വര്‍ഷത്തിലേക്ക് പ്രവേശിച്ചിട്ടുണ്ടെന്നും, പഠനം അനുഭവാധിഷ്ഠിതമാക്കുന്നതിനുള്ള മാറ്റങ്ങള്‍ നടപ്പാക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അധ്യാപകര്‍ക്ക് സ്ഥിരമായ പരിശീലന കേന്ദ്രം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.






