കൊച്ചി: സിനിമയിൽ 40 വർഷം പൂർത്തിയാക്കിയ സംവിധായകൻ കമലിനെ ആദരിച്ചു. ചങ്ങമ്പുഴ പാർക്കിൽ ഇടപ്പള്ളി ചലച്ചിത്രോത്സവത്തോട് അനുബന്ധിച്ചായിരുന്നു ആദരം. മെട്രോ ഫിലിം സൊസൈറ്റി കൊച്ചിയും ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച ചലച്ചിത്രോത്സവത്തിന്റെ സമാപന സമ്മേളനം സിബി മലയിൽ ഉദ്ഘാടനം ചെയ്തു. ഒരുപാട് പുതിയ സംവിധായകരെയും പുതുമുഖ താരങ്ങളെയും മലയാളസിനിമയിലേക്ക് കൈപിടിച്ചെത്തിച്ച പ്രതിഭയാണ് കമലെന്ന് സിബി മലയിൽ പറഞ്ഞു.
നടി ഭാവന, ഷൈൻ ടോം ചാക്കോ, ആഷിക് അബു, സിദ്ധാർഥ് ഭരതൻ, സൗബിൻ ഷാഹിർ, സംവിധായകൻ സജിൻ ലാൽ, നിർമാതാവ് സലീം പടിയത്ത്, ക്യാമറാമാൻമാരായ പി. സുകുമാർ, സാലു ജോർജ് തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ കമൽ നടി ഭാവനയെ പുകഴ്ത്തി.
മലയാള സിനിമയിലുള്ളവർ ഒന്നാകെ കുഴിച്ചുമൂടാൻ ശ്രമിച്ചപ്പോഴും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ് വന്നവളാണ് ഭാവനയെന്ന് കമൽ പറഞ്ഞു. തന്റെ പ്രിയപ്പെട്ട മോളാണ് ഭാവനയെന്നും മനസ്സുകൊണ്ട് എന്നും അവൾക്കൊപ്പം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






