2026 അമേരിക്കൻ ഫുട്‌ബോൾ ലോകകപ്പിനായി യുറഗ്വായ് ദേശീയ ടീമിനെ പരിശീലകൻ മാഴ്‌സലോ ബീൽസ് പ്രഖ്യാപിച്ചു. ഇതിൽ ഏറ്റവും വലിയ ചര്‍ച്ചയായത് വെറ്ററൻ സ്ട്രൈക്കർ ലൂയിസ് സുവാരസിന്റെ അപ്രതീക്ഷിതമായ ഒഴിവ് ആണ്.
39 കാരനായ സുവാരസ് 2010 ദക്ഷിണാഫ്രിക്കൻ ലോകകപ്പിനുശേഷം 11 വർഷത്തോളം യുറഗ്വായ് ദേശീയ ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ്. 2024 സെപ്റ്റംബറിൽ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്നു വിരമിച്ചെങ്കിലും, ദേശീയ ടീമിനായുള്ള ആവശ്യത്തിനായി തിരികെ കളിക്കാൻ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചിരുന്നു. എന്നാൽ പരിശീലകനായ ബീൽസിന്റെ രീതികളോട് പൊരുത്തപ്പെടാൻ കഴിയാത്തതും, പരിശീലകനുമായി പ്രശ്നങ്ങൾ നിലനിന്നതുമാണ് അവസാനം ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കപ്പെടാൻ കാരണമായതെന്ന് സൂചനകൾ പറയുന്നു.
അമേരിക്കൻ മേജർ ലീഗിൽ ഇന്റർ മയാമിക്കുവേണ്ടി 11 മത്സരങ്ങളിൽ നിന്ന് ആറു ഗോളുകൾ നേടിയ സുവാരസിന് പുറമെ, യോഗ്യതാ മത്സരങ്ങളിൽ കളിച്ച നഹിതൻ നാൻഡസിനെയും ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ടീമിൽ റയൽ മഡ്രിഡിന്റെ ഫെഡറിക്കോ വാൽവെർഡെ, മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാനുവൽ ഉഗാർട്ട, അൽ ഹിലാലിന്റെ ഡാർവിൻ നുനെസ്, അത്ലറ്റിക്കോ മഡ്രിഡ് താരം ജോസ് മറിയ ഗിമനെസ്, ബാഴ്‌സലോണയുടെ റൊണാൾഡ് അരൗജോ, നാപ്പോളിയുടെ മാത്യാസ് ഒലിവെറ തുടങ്ങിയ താരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ലോകകപ്പിൽ യുറഗ്വായ് ഗ്രൂപ്പ് എച്ചിൽ സ്പെയിൻ, സൗദി അറേബ്യ, കേപ് വെർദെയുമായി മത്സരിക്കും.






