കോഴിക്കോട്: പിതാവ് ഹെൽമറ്റ് ധരിക്കുന്നത് അനുകരിച്ച് കളിച്ച ഒന്നര വയസുകാരന്റെ തലയിൽ സ്റ്റീൽ പാത്രം കുടുങ്ങി. കോഴിക്കോട് മുക്കം കൊടിയത്തൂരിലാണ് സംഭവം. കുങ്ങഞ്ചേരി വീട്ടിൽ മുർഷിദിന്റെ മകനാണ് അപകടത്തിൽപ്പെട്ടത്.
കളിക്കുന്നതിനിടെ സ്റ്റീൽ പാത്രം തലയിൽ വെച്ച കുട്ടിയുടെ തലയിൽ നിന്ന് അത് പുറത്തെടുക്കാൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടായത്. കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ ശ്രമിച്ചെങ്കിലും പാത്രം നീക്കം ചെയ്യാൻ സാധിച്ചില്ല. തുടർന്ന് കുട്ടിയെ ഉടൻ മുക്കം അഗ്നിരക്ഷാ നിലയത്തിലെത്തിച്ചു.
ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സി. മനോജിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫയർ ഓഫീസർമാരായ പി.ടി. ശ്രീജേഷ്, മുഹമ്മദ് ഷനീബ്, എം. നിസാമുദ്ദീൻ, കെ.എം. ജിഗേഷ്, കെ.എസ്. ശരത്, അനു മാത്യു, എം.കെ. അജിൻ, കെ.എസ്. വിജയകുമാർ, പി.കെ. രാജൻ എന്നിവർ പങ്കെടുത്തു.
ഏകദേശം മുക്കാൽ മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ സ്റ്റീൽ പാത്രം സുരക്ഷിതമായി മുറിച്ചുമാറ്റി കുട്ടിയെ രക്ഷപ്പെടുത്തി. കുട്ടിക്ക് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.




