എറണാകുളം: കലൂരിൽ റോഡിലൂടെ നടന്നു പോകുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ യുവാക്കളുടെ ആക്രമണം. ഇന്ന് പുലർച്ചെയുണ്ടായ സംഭവത്തിൽ പരിക്കേറ്റ ഒരാളെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കമന്റടിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ആക്രമണമെന്നാണ് പരാതി. എട്ടോളം പേരടങ്ങുന്ന സംഘം പെൺകുട്ടികളെ തടഞ്ഞുനിർത്തി മർദിച്ചുവെന്നാണ് ആരോപണം. മുടിയിൽ പിടിച്ച് വലിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തതായി പെൺകുട്ടികൾ പറഞ്ഞു. ഒരാളെ റോഡിലൂടെ വലിച്ചിഴച്ചതായും വസ്ത്രം വലിച്ചുകീറാൻ ശ്രമിച്ചതായും ആരോപണമുണ്ട്.
സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചപ്പോൾ ഫോൺ പിടിച്ചുവാങ്ങി നിലത്തേക്ക് എറിഞ്ഞ് തകർത്തതായും പരാതിയുണ്ട്. ആക്രമണത്തിൽ കഴുത്തിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരിക്കേറ്റതായി പെൺകുട്ടികൾ അറിയിച്ചു.
അതേസമയം, ആശുപത്രിയിലെത്തിയ പൊലീസുകാരനിൽ നിന്ന് മോശം അനുഭവമുണ്ടായെന്നും പെൺകുട്ടികളുടെ സുഹൃത്തുക്കൾ ആരോപിച്ചു. സംഭവത്തിൽ ഉൾപ്പെട്ട അക്രമി സംഘത്തെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.






