ഇടുക്കി: മൂന്നാർ കൊളുക്കുമലയിൽ കൊക്കയിലേക്ക് വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെന്നൈ അഭിരാമപുരം സ്വദേശിയായ എൻ. ദ്രാവിനേഷ് (25)ന്റെ മൃതദേഹമാണ് ഏകദേശം 400 അടി താഴ്ചയിൽ നിന്ന് ഫയർഫോഴ്‌സ് സംഘം കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
ഡ്രോൺ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തകരും ഫയർഫോഴ്‌സ് സംഘവും തെരച്ചിൽ നടത്തിയത്. ബന്ധുക്കൾക്കൊപ്പം കൊളുക്കുമലയിൽ സൂര്യോദയം കാണുന്നതിനായി ട്രക്കിങ് ജീപ്പിൽ എത്തിയതായിരുന്നു ദ്രാവിനേഷ്.
കൊളുക്കുമലയിലെ സിംഹപാറ മേഖലയിൽ എത്തിയ ശേഷം ഒപ്പമുണ്ടായിരുന്നവരിൽ നിന്ന് പെട്ടെന്ന് ഓടിമാറി യുവാവ് കൊക്കയിലേക്ക് ചാടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. തമിഴ്നാട്ടിലെ കൊരങ്ങണി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
പ്രണയനൈരാശ്യത്തെ തുടർന്നാണ് ദ്രാവിനേഷ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.






