കോട്ടയം: വയോധികയുടെ രണ്ടര പവൻ സ്വർണമാല പൊട്ടിച്ചെടുത്ത കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി മോഷണക്കേസുകളിലെ പ്രതിയായ കുറിച്ചി ഇത്തിത്താനം സ്വദേശി വിഷ്ണു അനിൽകുമാർ (36), സുഹൃത്ത് ധന്യ (41) എന്നിവരാണ് പിടിയിലായത്. മേയ് 25-ന് രാവിലെയായിരുന്നു സംഭവം. വാകത്താനം സ്വദേശിനിയായ ലീലാമ്മ രാജുവിന്റെ സ്വർണമാലയാണ് മോഷ്ടാക്കൾ തട്ടിയെടുത്തത്. ലീലാമ്മയും ഭർത്താവ് രാജുവും കഴിഞ്ഞ 20 വർഷമായി വെട്ടിക്കലുങ്ക് പ്രദേശത്ത് ഒരു മാടക്കട നടത്തിവരികയാണ്.
സംഭവദിവസം സ്കൂട്ടറിൽ എത്തിയ പ്രതി ആദ്യം ചായയും പിന്നീട് കപ്പയും വാങ്ങി. മറ്റൊരാൾ വരാനുണ്ടെന്ന് പറഞ്ഞ് ഒരു മണിക്കൂറിലേറെ സമയം കടയ്ക്ക് സമീപം ചെലവഴിച്ചു. പിന്നീട് വീണ്ടും കപ്പ ആവശ്യപ്പെട്ടപ്പോൾ അത് എടുക്കാൻ പുറത്തേക്കിറങ്ങിയ ലീലാമ്മയുടെ മാല പൊട്ടിച്ചെടുത്ത് ഇയാൾ രക്ഷപ്പെടുകയായിരുന്നു.
പരാതി ലഭിച്ചതിനെ തുടർന്ന് വാകത്താനം പോലീസ് അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതികളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചത്. ഒരു സ്ഥലത്ത് സ്കൂട്ടറിൽ എത്തിയ ഹെൽമെറ്റ് ധരിച്ചയാൾ ഒരു സ്ത്രീയെ കയറ്റിക്കൊണ്ടുപോകുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. തുടർ അന്വേഷണത്തിൽ സ്ത്രീയെ ധന്യയെന്ന് തിരിച്ചറിഞ്ഞു. ഇവരെ ചോദ്യം ചെയ്തതോടെയാണ് വിഷ്ണു അനിൽകുമാറിലേക്കുള്ള തെളിവുകൾ ലഭിച്ചത്. തുടർന്ന് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. വാകത്താനം ഇൻസ്പെക്ടർ ജിൻസൺ ഡൊമിനിക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിച്ചത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.






