തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് ഫ്ലാറ്റിനുള്ളിൽ കഞ്ചാവ് ചെടികൾ വളർത്തിയിരുന്ന ഐടി കമ്പനി മാനേജർ അറസ്റ്റിൽ. ഹരിയാന സ്വദേശിയായ വിശാൽ (26) ആണ് ശ്രീകാര്യം പൊലീസിന്റെ പിടിയിലായത്. ടെക്നോപാർക്കിലെ ഒരു പ്രമുഖ ഐടി കമ്പനിയിൽ മാനേജരായി ജോലി ചെയ്യുന്ന ഇയാൾക്ക് പ്രതിമാസം ഏകദേശം ഒന്നര ലക്ഷം രൂപ ശമ്പളമുണ്ടെന്നാണ് വിവരം.
ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. പരിശോധനയിൽ ഏകദേശം 30 സെന്റീമീറ്റർ വരെ ഉയരമുള്ള 70ഓളം കഞ്ചാവ് ചെടികൾ പൊലീസ് പിടിച്ചെടുത്തു.
വിപണിയിൽ നിന്ന് വാങ്ങിയ പ്രത്യേക ചെടിച്ചട്ടികൾ, മുട്ട സൂക്ഷിക്കുന്ന ട്രേകൾ, ചെറിയ പാത്രങ്ങൾ എന്നിവ ഉപയോഗിച്ചാണ് ഫ്ലാറ്റിനുള്ളിൽ കഞ്ചാവ് കൃഷി നടത്തിയിരുന്നത്. പകൽ ഐടി കമ്പനിയിൽ ജോലി ചെയ്തിരുന്ന വിശാൽ, രാത്രിയിലാണ് ചെടികളുടെ പരിപാലനം നടത്തിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്.
പ്രാഥമിക അന്വേഷണത്തിൽ, കഞ്ചാവ് വിൽപ്പന നടത്തി സാമ്പത്തിക ലാഭം നേടുകയെന്ന ലക്ഷ്യം ഇയാൾക്കില്ലായിരുന്നുവെന്നാണ് കണ്ടെത്തൽ. സ്വന്തം ഉപയോഗത്തിനായാണ് കഞ്ചാവ് വളർത്തിയിരുന്നതെന്ന് പ്രതി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. കഞ്ചാവ് ഇലകൾ അരച്ച് പാലിൽ ചേർത്തും മറ്റ് ഭക്ഷ്യവസ്തുക്കൾക്കൊപ്പം ഉപയോഗിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് ശ്രീകാര്യം പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.






