കൊച്ചി: അസമിൽ നിന്ന് കേരളത്തിലെത്തി സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ പ്രശസ്തയായ വ്യക്തിയാണ് ജാൻമണി ദാസ്. സോഷ്യൽ മീഡിയയിൽ പല കാരണങ്ങൾ കൊണ്ടും നിരന്തരം ട്രോളുകൾ നേരിടുന്ന ജാൻമണി, അത്തരം പരിഹാസങ്ങൾ തന്നെ ബാധിക്കാറില്ലെന്നും മറിച്ച് അതെല്ലാം ആസ്വദിക്കാറുണ്ടെന്നുമാണ് പറയുന്നത്.
അവതാരകയും അടുത്ത സുഹൃത്തുമായ രഞ്ജിനി ഹരിദാസിന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടയിലാണ് ജാൻമണിയുടെ പ്രതികരണം. ‘എനിക്ക് ട്രോളുകൾ കുഴപ്പമില്ല. അത് നല്ലതല്ലേ. ഞാൻ ആസ്വദിക്കാറുണ്ട്. നമ്മൾ ചിരിച്ചും കളിച്ചും ജീവിക്കണം. അടുത്ത തവണയാകുമ്പോഴേക്കും അതൊക്കെ മറന്നുപോകും’ എന്നാണ് അവർ പറഞ്ഞത്.
അന്തരിച്ച നടൻ കൊച്ചുപ്രേമന്റെ പേരിൽ തന്നെ കളിയാക്കുന്നതിനെ കുറിച്ചും അവർ പ്രതികരിച്ചു. ‘കൊച്ചുപ്രേമൻ എന്ന് വിളിച്ചാലും എനിക്ക് പ്രശ്നമില്ല. അദ്ദേഹം ഒരു മികച്ച കലാകാരനായിരുന്നു. പക്ഷേ ചില ട്രോളുകൾ അദ്ദേഹത്തെ തന്നെ അപമാനിക്കുന്ന തരത്തിലേക്ക് പോകുമ്പോൾ വിഷമം തോന്നാറുണ്ട്. അദ്ദേഹത്തിന്റെ കുടുംബവും അത് കാണുന്നുണ്ടാകില്ലേ?’ എന്നാണ് ജാൻമണി ചോദിക്കുന്നത്. ഒപ്പം താൻ കേരളം വിടാൻ ഉദ്ദേശിക്കുന്നില്ല എന്നും വ്യക്തമാക്കുന്നുണ്ട്.




