അഹമ്മദാബാദ്: ടെസ്റ്റ് ക്രിക്കറ്റില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കൊരുങ്ങി ഐസിസി. വെളിച്ചക്കുറവ് മൂലം ടെസ്റ്റ് മത്സരങ്ങള്‍ തടസപ്പെടുന്നത് ഒഴിവാക്കാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ പിങ്ക് ബോള്‍ ഉപയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള നിരവധി മാറ്റങ്ങള്‍ക്ക് കൗണ്‍സില്‍ അംഗീകാരം നല്‍കി. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ക്രിക്കറ്റ് കാനഡയെ സസ്‌പെന്‍ഡ് ചെയ്യാനും ഐസിസി തീരുമാനിച്ചു.
വെളിച്ചക്കുറവ് മൂലം കളി മുടങ്ങുന്നത് രസംകൊല്ലിയാണ്. ഇതൊഴിവാക്കാനാണ് പുതിയ നീക്കം. ചുവന്ന പന്തില്‍ തന്നെയാണ് ടെസ്റ്റ് മത്സരം ആരംഭിക്കുക. എന്നാല്‍ പകല്‍ വെളിച്ചം കുറയുകയും ഓവറുകള്‍ പൂര്‍ത്തിയാക്കാന്‍ ബാക്കിയുണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ മാത്രമേ പന്ത് മാറ്റാന്‍ അനുമതിയുള്ളു. ഫ്‌ലഡ്ലൈറ്റുകളുടെ പ്രകാശത്തില്‍ പിങ്ക് പന്ത് ഉപയോഗിക്കുന്നതിനാണ് അനുമതി.
ഏകദിന, ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ ഡ്രിങ്ക്‌സ് ഇടവേളകളില്‍ ഹെഡ് കോച്ചിനോ ടീം മാനേജ്‌മെന്റ് നിയോഗിക്കപ്പെട്ട സപ്പോര്‍ട്ട് സ്റ്റാഫിനോ മൈതാനത്തിറങ്ങി താരങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്താനും ഐസിസി അനുമതി നല്‍കി. ടി20 മത്സരങ്ങളില്‍ ഇന്നിങ്സുകള്‍ക്കിടയിലെ ഇടവേള 15 മിനിറ്റാക്കി.
ബൗളര്‍മാര്‍ നിയമവിരുദ്ധമായി കൈമടക്കി എറിയുന്നത് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ഓണ്‍-ഫീല്‍ഡ് അംപയര്‍മാര്‍ക്ക് ഇനി മുതല്‍ ഹോക്ക്-ഐ സാങ്കേതികവിദ്യയുടെ സഹായം തേടാം. ഹോക്ക്-ഐ വിവരങ്ങള്‍ കൂടി പരിശോധിച്ച് ആകും അംപയര്‍മാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.






