സൂറത്ത്: ഗുജറാത്ത്–മഹാരാഷ്ട്ര ഹൈവേയിൽ രണ്ട് ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു, 40 പേർക്ക് പരിക്കേറ്റു. മഹാരാഷ്ട്ര റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (MSRTC) ബസുകളാണ് അപകടത്തിൽപ്പെട്ടത്.
ദേശീയ പാത 53-ൽ ഉവ ഗ്രാമത്തിന് സമീപമാണ് സംഭവം നടന്നത്. ഒരു ബസ് സൂറത്തിൽ നിന്ന് ദൂലേയിലേക്കും മറ്റൊന്ന് ചാലിസ്ഗാവിൽ നിന്ന് സൂറത്തിലേക്കുമായിരുന്നു യാത്ര.
ആദ്യം മഹാരാഷ്ട്രയിലേക്ക് പോകുന്ന ബസ് ഒരു ട്രാക്ടറിലിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് ഡിവൈഡർ തകർത്ത് എതിര്‍ദിശയിൽ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ പിന്നാലെ ഒരു ബസ് തലകീഴായി മറിഞ്ഞ് തീപിടിച്ചു.
തീപിടിച്ച ബസിനുള്ളിലുണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. അപകടസ്ഥലത്ത് എത്തിയ ഫയർഫോഴ്‌സും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ബർദോളി ആശുപത്രിയിലേക്ക് മാറ്റി.
മഹാരാഷ്ട്ര ഗതാഗത മന്ത്രി പ്രതാപ് സർനായിക് മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശവും നൽകിയിട്ടുണ്ട്.
അപകടത്തിന്റെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






