ആലപ്പുഴ: മണിമലയാറ്റിൽ ചാടി ജീവനൊടുക്കിയ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവിനെ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണമംഗലം സ്വദേശിയായ രഞ്ചു ബി. പിള്ള (38) യെയാണ് പൊലീസ് പിടികൂടിയത്.
തിരുവൻവണ്ടൂർ സ്വദേശിനിയും തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിലെ ജീവനക്കാരിയുമായ യുവതി ഏപ്രിൽ 26-നാണ് പുളിക്കീഴ് പാലത്തിൽ നിന്ന് മണിമലയാറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്തത്. ഭർതൃഗൃഹത്തിൽ നിന്ന് ജോലിക്കായി ഇറങ്ങിയ യുവതി സ്വകാര്യ ബസിൽ യാത്ര ചെയ്തെത്തിയ ശേഷമാണ് പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
സംഭവത്തെ തുടർന്ന് ആദ്യം മിസ്സിങ് കേസായി രജിസ്റ്റർ ചെയ്ത അന്വേഷണം, മേയ് ഒന്നിന് മണിമലയാറ്റിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയതോടെ അസ്വാഭാവിക മരണ കേസായി മാറ്റുകയായിരുന്നു. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് യുവതി നിരന്തര ഗാർഹിക പീഡനങ്ങൾക്ക് ഇരയായിരുന്നുവെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് കണ്ടെത്തിയത്.
തുടർന്ന് കേസിലെ വകുപ്പുകൾ ഭേദഗതി ചെയ്ത് ഭർത്താവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.





