ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി നേതാവ് അഭിജിത്ത് ദീപ്കെയെ കരുതൽ തടങ്കലിലാക്കാന്‍ പൊലീസ് നീക്കം നടത്തുന്നതായി റിപ്പോർട്ട്. സിജെപി പ്രഖ്യാപിച്ച പ്രതിഷേധം സുരക്ഷാ ഭീഷണി സൃഷ്ടിക്കാമെന്ന വിലയിരുത്തലിലാണ് നടപടി പരിഗണിക്കുന്നത്.
അമേരിക്കയിൽ നിന്ന് ശനിയാഴ്ച ഡൽഹി വിമാനത്താവളത്തിൽ എത്തുമ്പോൾ തന്നെ ഇയാളെ കസ്റ്റഡിയിലെടുക്കാനാണ് സാധ്യതയെന്ന് സൂചനയുണ്ട്. ദീപ്കെ തിരികെ എത്തുമ്പോൾ അനുയായികളും വിമാനത്താവളത്തിൽ എത്തണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ജൂൺ 6 മുതൽ ജന്തർ മന്തറിൽ പ്രതിഷേധം ആരംഭിക്കുമെന്ന് സിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നതാണ് പാർട്ടിയുടെ പ്രധാന ആവശ്യം.
വിമാനത്താവളത്തിൽ എത്തുന്ന സമയത്ത് തന്നെ അറസ്റ്റ് ഉണ്ടാകാമെന്ന സാധ്യത തനിക്കറിയാമെന്ന് അഭിജിത്ത് ദീപ്കെ വ്യക്തമാക്കിയിട്ടുണ്ട്. തുടർന്ന് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ സമാധാനപരമായി പ്രതിഷേധത്തിന് അനുമതി തേടുമെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിൽ അറിയിച്ചു.
തനിക്ക് നിരവധി വധഭീഷണികൾ ലഭിച്ചിട്ടുണ്ടെന്നും, എങ്കിലും തിരിച്ചുവരുമെന്നും ദീപ്കെ മാധ്യമങ്ങളോട് പ്രതികരിച്ചു. നിരവധി പേർ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.






