ചെന്നൈ: ഹിന്ദുവായ ഭാര്യ താലിമാല അഴിച്ചു മാറ്റുന്നത് ഭർത്താവിനോടുള്ള ക്രൂരതയായി കണക്കാക്കാമെന്ന് മദ്രാസ് ഹൈക്കോടതി. ഹിന്ദു സ്ത്രീകൾ ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ താലി അഴിച്ചു മാറ്റാറില്ലെന്ന് ജസ്റ്റിസ് പി വടമലൈ നിരീക്ഷിച്ചു. ഭർത്താവിന് വിവാഹമോചനം അനുവദിച്ച കീഴ്ക്കോടതി വിധി ശരിവെച്ചുകൊണ്ടാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.
ഭാര്യ ക്രിസ്തുമതം സ്വീകരിച്ചെന്നും താലിമാലയോ ആഭരണങ്ങളോ അണിയുന്നില്ലെന്നും തനിക്കെതിരേ മേലുദ്യോഗസ്ഥർക്ക് വ്യാജ പരാതികൾ നൽകിയെന്നും കാണിച്ചാണ് കരസേനാ ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് വിവാഹമോചന ഹർജി നൽകിയത്. ഭർത്താവിന്റെ ഹർജി അംഗീകരിച്ച തെങ്കാശി പ്രിൻസിപ്പൽ സബോർഡിനേറ്റ് കോടതി 2017-ൽ വിവാഹമോചനം അനുവദിച്ചു.
ഇതിനെതിരേ ഭാര്യ നൽകിയ അപ്പീൽ തെങ്കാശി അഡീഷണൽ ജില്ലാ കോടതിയും തള്ളി. അതിനെ ചോദ്യംചെയ്താണ് ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്. ഭാര്യ ക്രിസ്തുമതം സ്വീകരിച്ചത് തനിക്ക് മനോവിഷമമുണ്ടാക്കിയെന്നും മേലുദ്യോഗസ്ഥർക്ക് പരാതി നൽകിയതുകാരണം അച്ചടക്ക നടപടി നേരിടേണ്ടിവന്നെന്നും വീട്ടിൽ നിരന്തരം വഴക്കാണെന്നും ഭർത്താവ് ബോധിപ്പിച്ചു.






