ലണ്ടൻ: കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന് കിടന്നിരുന്ന 18-കാരനെ രക്ഷിക്കുന്നതിനുപകരം പൊലീസ് കൈവിലങ്ങ് അണിയിച്ചതിനെ തുടർന്ന് യുവാവ് മരിച്ച സംഭവം ബ്രിട്ടനിൽ വലിയ വിവാദമായി. ഇംഗ്ലണ്ടിലെ സതാംപ്ടണിൽ കഴിഞ്ഞ ഡിസംബറിലുണ്ടായ സംഭവത്തിന്റെ പൊലീസ് ബോഡിക്യാം ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പ്രതിഷേധം ശക്തമായത്.
സംഭവത്തിൽ പ്രതിയായ ഇന്ത്യൻ വംശജനായ 23-കാരൻ വിക്രം ദിഗ്വയ്ക്ക് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചതിന് പിന്നാലെയാണ് ദൃശ്യങ്ങൾ പുറത്തുവന്നത്. സുഹൃത്തുക്കൾക്കൊപ്പമുണ്ടായിരുന്ന ഹെൻറി നൊവാക് എന്ന യുവാവിനെ വിക്രം കത്തികൊണ്ട് മാരകമായി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
സംഭവസ്ഥലത്തെത്തിയ പൊലീസിനോട് താനാണ് വംശീയ ആക്രമണത്തിന് ഇരയായതെന്ന് വിക്രം അവകാശപ്പെട്ടു. ഹെൻറി തന്റെ തലപ്പാവ് തട്ടിമാറ്റുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്തുവെന്നായിരുന്നു ആരോപണം. വിക്രമിന്റെ വാദം വിശ്വസിച്ച പൊലീസ് യഥാർത്ഥ ഇരയായ ഹെൻറിയെയാണ് സംശയത്തിന്റെ അടിസ്ഥാനത്തിൽ കൈകാര്യം ചെയ്തത്.
കുത്തേറ്റ് രക്തം വാർന്നൊഴുകിക്കൊണ്ടിരിക്കെ “എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല”, “എനിക്ക് കുത്തേറ്റു” എന്ന് ഹെൻറി ആവർത്തിച്ച് പറഞ്ഞെങ്കിലും പൊലീസ് അത് ഗൗനിച്ചില്ലെന്നാണ് പുറത്തുവന്ന ദൃശ്യങ്ങളിൽ കാണുന്നത്. “നിനക്ക് കുത്തേറ്റതായി തോന്നുന്നില്ല” എന്ന് പറഞ്ഞ ഉദ്യോഗസ്ഥർ ഹെൻറിയെ അറസ്റ്റ് ചെയ്ത് കൈവിലങ്ങ് അണിയിക്കുകയും ചെയ്തു.
അൽപസമയത്തിനുശേഷം ഹെൻറി ബോധരഹിതനായി വീണതോടെയാണ് ഗുരുതരമായ കുത്തേറ്റ മുറിവുകൾ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കൈവിലങ്ങ് നീക്കി സിപിആർ നൽകിയെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല.
വിചാരണയ്ക്കിടെ വിക്രം ഉന്നയിച്ച വംശീയ ആക്രമണ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കോടതി കണ്ടെത്തി. ഹെൻറി വംശീയമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ ജഡ്ജി വില്യം മൗസ്ലി, വിക്രം ദിഗ്വയ്ക്ക് കുറഞ്ഞത് 21 വർഷം തടവ് അനുഭവിക്കേണ്ട ജീവപര്യന്തം ശിക്ഷ വിധിച്ചു.
കൊലപാതകത്തിന് ശേഷം ആയുധം ഒളിപ്പിക്കാൻ സഹായിച്ച വിക്രമിന്റെ അമ്മ കിരൺ കൗറിനെയും കോടതി കുറ്റക്കാരിയാക്കി. ഇവർക്കുള്ള ശിക്ഷ ജൂലൈ 17-ന് പ്രഖ്യാപിക്കും.
ബോഡിക്യാം ദൃശ്യങ്ങൾ പുറത്ത്; വ്യാപക പ്രതിഷേധം
സംഭവത്തിന്റെ ബോഡിക്യാം ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ സതാംപ്ടൺ പൊലീസ് സ്റ്റേഷനു മുന്നിൽ നൂറുകണക്കിന് ആളുകൾ പ്രതിഷേധവുമായി എത്തി. ചിലയിടങ്ങളിൽ പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു.
സംഭവത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ ആശങ്ക രേഖപ്പെടുത്തി. വംശീയ ആരോപണങ്ങൾ പൊലീസിന്റെ നടപടികളെ സ്വാധീനിച്ചിട്ടുണ്ടോയെന്ന് അടിയന്തര അന്വേഷണം നടത്താൻ അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, മകന്റെ മരണം കൂടുതൽ വിദ്വേഷത്തിനും സാമൂഹിക വിഭജനത്തിനും കാരണമാക്കരുതെന്ന് ഹെൻറിയുടെ പിതാവ് മാർക്ക് നൊവാക് അഭ്യർഥിച്ചു. തെരുവുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനുള്ള ചർച്ചകൾക്ക് ഈ സംഭവം വഴിയൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ വീഴ്ച വരുത്തിയതായി ആരോപിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉന്നതതല അന്വേഷണം തുടരുകയാണ്.






