Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അതിന് സിപിഐക്ക് യോ​ഗ്യതയില്ലേ? സിപിഎമ്മിന്റെ വാശി നല്ലതിനോ? രണ്ടാമനിൽ ഉടക്കി ഇടത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മാനതകളില്ലാത്ത പരാജയമാണ് ഇത്തവണ ഇടതുപക്ഷം നേരിട്ടതെന്ന കാര്യത്തിൽ സംശയമില്ല. അതിനെ കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ മറികടന്ന് തിരിച്ചുവരാനാവൂ എന്ന് സാധാരണ പ്രവർത്തകർ പോലും പറയുമെന്നിരിക്കെ പ്രതിപക്ഷത്ത് രണ്ടാമനാര് എന്നതാണ് ഇപ്പോഴത്തെ വിഷയം. ഉപനേതാവ് സ്ഥാനത്തെ ചൊല്ലി എൽഡിഎഫിൽ നടക്കുന്ന ഈ വടംവലി അത്ര ശുഭകരമായ ഒരു സൂചനയല്ല. വിഷയത്തിൽ ഇരുപക്ഷവും വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറല്ലെന്ന നിലപാടിലാണ് ഇപ്പോഴും.

കുറച്ച് ദിവസങ്ങളായി പുകയുന്ന ഈ പ്രശ്നം ഇനി കത്താനുള്ള തയ്യാറെടുപ്പിലാണ്. നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി ഇരുകൂട്ടരും തമ്മിൽ നടത്തിയ ഉഭയകക്ഷി ചർച്ച പരാജയപ്പെട്ടിരിക്കുകയാണ്. എകെജി സെന്ററിൽ വെച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇരുപാർട്ടികളും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിന്നത്. ഇതോടെ മുന്നണിയിൽ വലിയൊരു രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. വിഷയം ഇത്രയും മാധ്യമശ്രദ്ധ കിട്ടിയ സ്ഥിതിക്ക് രണ്ട് കൂട്ടർക്കും അഭിമാനപ്രശ്നം കൂടിയായി മാറിയിരിക്കുകയാണ്.

സിപിഐയുടെ സമ്മർദത്തിനു വഴങ്ങേണ്ടെന്നു തന്നെയാണ് ഇപ്പോഴും സിപിഎം തീരുമാനം. പ്രതിപക്ഷനേതാവും ഉപനേതാവും സിപിഎമ്മിൽനിന്ന് എന്നതാണു കീഴ്‌വഴക്കമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വ്യക്തമാക്കി. ആ കീഴ്വഴക്കം വിട്ടുകളയാൻ സിപിഎം ഭയക്കുന്നു എന്നതും ശ്രദ്ധേയമാണ്. വി.എസ്. അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് സി.പി.എമ്മിലെ കോടിയേരി ബാലകൃഷ്ണനായിരുന്നു ഉപനേതാവ് എന്ന ഉദാഹരണമാണ് സി.പി.എം. ഇതിനായി ചൂണ്ടിക്കാട്ടുന്നത്. ഇത് പരിഹരിക്കാവുന്ന വിഷയമേ ഉള്ളൂവെന്ന് ​ഗോവിന്ദൻ പറയുമ്പോൾ അതിനർത്ഥം സിപിഐ തങ്ങൾക്ക് കീഴടങ്ങണം എന്നുകൂടിയാണ്. ഇപ്പോൾ പ്രതിപക്ഷ ഉപനേതാവായി സിപിഎം കാണുന്നത് കെ.എൻ ബാലഗോപാലിനെയാണ്. സിപിഐയാകട്ടെ കെ.രാജന് ആ പദവി നൽകണമെന്നാണ് ആവശ്യപ്പെടുന്നത്‌. കഴിഞ്ഞ ദിവസം നടന്ന പുതിയ നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ പിണറായി വിജയന് പിന്നിൽ ഏറ്റവും നല്ല പ്രതിപക്ഷ ശബ്ദമായതും കെ രാജനായിരുന്നു. നിയമസഭയിൽ അങ്ങിങ്ങായി ഈ അസ്വാരസ്യങ്ങൾ കാണാനായിട്ടുണ്ട്. കെ രാജൻ പ്രസം​ഗിച്ച് കഴിയുന്നതിന് മുമ്പേയാണ് വാക്കൗട്ട് പ്രതിഷേധത്തിന്റെ ഭാ​ഗമായി സിപിഎം അം​ഗങ്ങൾ ഇറങ്ങി നടന്നത്.

മുന്നണിയുടെ ഐക്യത്തിനും നല്ല രീതിയിലുള്ള മുന്നോട്ടുപോക്കിനും സി.പി.ഐ. തയ്യാറാണെന്നും അതേപോലെ സി.പി.എമ്മും തയ്യാറാകണമെന്നും ബിനോയ് വിശ്വം ചർച്ചയ്ക്കുശേഷം പ്രതികരിച്ചു. എൽ.ഡി.എഫ്. എന്നത് ഇടതുപക്ഷത്തിന്റെയും ജനാധിപത്യത്തിന്റെയും മുന്നണിയാണെന്നും, ആ വാക്കുകളുടെ അർഥം ഉൾക്കൊള്ളാൻ സി.പി.എമ്മിന് കഴിയണമെന്നും അദ്ദേഹം പറയുന്നുണ്ട്. അതേസമയം, ആവശ്യത്തി‍ൽനിന്നു പിൻവാങ്ങില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. ഇതിനെല്ലാം പുറമെ കുറച്ചുകൂടി കടുത്ത നടപടികളിലേക്ക് കടന്ന് തങ്ങളുടെ നിലപാട് ഊട്ടിയുറപ്പിക്കാനും സിപിഐ ആലോചിക്കുന്നുണ്ട്. അതിന്റെ ഭാ​ഗമായി സഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്ന് അഭിപ്രായം ഉയർന്നിട്ടുണ്ട്. ആവശ്യം പരസ്യമായ സാഹചര്യത്തിൽ മുഖം രക്ഷിക്കാൻ മറ്റു മാർഗമില്ലെന്നാണ് ഇവരുടെ വാദം. അത് എൽഡിഎഫിലെ ഭിന്നതയ്ക്ക് ആക്കം കൂട്ടുമെന്നതിനാൽ ആലോചിച്ചുവേണമെന്ന് വാദിക്കുന്നവരുമുണ്ട്.

നിലവിൽ സിപിഐഎം-സിപിഐ തർക്കത്തെ തുടർന്ന് സംയുക്ത നിയമസഭാ കക്ഷിയോഗം വിളിക്കാൻ കഴിയാത്ത സാഹചര്യമാണ് എൽഡിഎഫിലുള്ളത്. ആവശ്യം അംഗീകരിക്കാതെ എൽഡിഎഫ് നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കാനാവില്ലെന്ന് സിപിഐഎമ്മിനെ സിപിഐ രേഖാമൂലം അറിയിച്ചിരുന്നു. അതേസമയം സിപിഐയുടെ പരസ്യ ആവശ്യത്തിൽ സിപിഎമ്മിൽ കടുത്ത എതിർപ്പുണ്ടെങ്കിലും തർക്കങ്ങളില്ലാതെ പരിഹരിക്കണമെന്ന നിലപാടാണ് നേതാക്കൾ സ്വീകരിക്കുക. നിയമസഭ സമ്മേളനത്തിൽ പ്രതിപക്ഷത്ത് ഉപനേതാവിന്റെ സീറ്റിൽ ബാലഗോപാലിനാണ് സിപിഎം ഇടംകൊടുത്തത്.

വിഷയം എങ്ങനെയെങ്കിലും സമവായത്തിലെത്തിക്കാം എന്ന് കരുതുന്നുണ്ടെങ്കിൽ അത് കൂടുതൽ സങ്കീർണമാക്കാൻ മുന്നണിയിലെ മറ്റ് ഘടകകക്ഷികളും വിഷയം ഏറ്റെടുത്തിട്ടുണ്ട്. മൂന്നാമത്തെ കക്ഷിയായ ആർജെഡിയാണ് ഇടപെട്ടിരിക്കുന്നത്. ഉപനേതാവ് പദവി ഉൾപ്പെടെയുള്ള പാർ‌ലമെന്ററി പാർട്ടിയിലെ സ്ഥാനമാനങ്ങൾ പങ്കുവയ്ക്കുകയാണെങ്കിൽ ആർജെഡിയുമായി ആലോചിക്കണമെന്ന് പാർട്ടി സെക്രട്ടറി ജനറൽ വർഗീസ് ജോർജ് പറയുന്നു. സിപിഎമ്മും സിപിഐയും കഴിഞ്ഞാൽ എൽഡിഎഫ് നിയമസഭാകക്ഷിയിൽ പ്രാതിനിധ്യമുള്ള ഒരേയൊരു പാർട്ടിയാണ് ആർജെഡി. ജനങ്ങൾ തോൽപ്പിച്ചിട്ടും മുന്നണിയിലെ പ്രധാന കക്ഷികൾ പാഠം പഠിച്ചിട്ടില്ലെന്നും വർഗീസ് ജോർജ് വിമർശിച്ചു. ‘‘ജനങ്ങളെ ബാധിക്കുന്ന വിഷയമാണ് ചർച്ച ചെയ്യേണ്ടത്. അതിനുപകരം ഉപനേതാവിനെ സംബന്ധിച്ചു നടക്കുന്ന തർക്കം മുന്നണിയുടെ പ്രതിച്ഛായയെ ബാധിക്കും. സുപ്രധാന നിയമസഭാ സമ്മേളനം നടക്കുമ്പോഴും എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗം വിളിക്കാൻ കഴിയാത്തത് നിരാശാജനകമാണ് എന്ന പരിഭവവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.

സിപിഐ കാരണം ചെറുകക്ഷികൾക്ക് മുന്നണിയിൽ പ്രാതിനിധ്യം നഷ്ടപ്പെട്ടു എന്നൊരു പരാതി കുറച്ച് നാളുകളായി നിലനിൽക്കുന്നുണ്ട്. ആർജെഡിയാണ് സിപിഐ നിലപാടുകൾ മൂലം ഇത്തരത്തിൽ ഒഴിവാകേണ്ടി വന്നതിൽ പ്രധാനി. പക്ഷേ നിലവിൽ ഇടതുപക്ഷം കടന്നുപോകുന്ന അവസ്ഥ പരി​ഗണിച്ചാൽ സിപിഎമ്മിന്റെ ഈ കടുപിടുത്തം കൊണ്ട് ആർക്കും പ്രത്യേകിച്ച് ​ഗുണമുണ്ടാകില്ല. പ്രധാന രണ്ടാമത്തെ പാർട്ടിയെന്ന പരി​ഗണന പലപ്പോഴും തങ്ങൾക്ക് ലഭിക്കുന്നില്ലെന്ന സിപിഐയുടെ പരാതി പരിഹരിക്കേണ്ടത് സിപിഎമ്മിന്റെ കടമ കൂടിയാണ്. നേരത്തെ പിഎം ശ്രീ വിഷയത്തിലും ഇരുപാർട്ടികളും കൊമ്പുകോർത്തിരുന്നു. അന്നത്തെ അതേ തീവ്രതയോടെ തന്നെയാണ് ഇത്തവണയും സിപിഐ തങ്ങളുടെ ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നത്. ഇടത് കോട്ടയിൽ ഈ അസ്വാരസ്യം എന്ത് തരത്തിൽ സ്വാധീനിക്കും എന്നത് വരും ദിവസങ്ങളിൽ അറിയാം.

Advertisement
WhiteswanTV Footer