ആലപ്പുഴ: ദുർഘടമായ വഴിയിലൂടെ രോഗിയെ തോളിലേറ്റി ആംബുലൻസിൽ എത്തിച്ച് യുവാക്കളുടെ മാതൃകാപരമായ രക്ഷാപ്രവർത്തനം. വീയപുരം പഞ്ചായത്തിലെ കാരിച്ചാൽ വട്ടക്കാട്ടുചിറ കിഴക്കതിൽ രാമൻകുട്ടിയുടെ ജീവൻ രക്ഷിക്കാൻ ബ്രദേഴ്സ് ക്ലബിലെ യുവാക്കളാണ് രംഗത്തെത്തിയത്. രാവിലെ രാമൻകുട്ടിക്ക് കടുത്ത ശ്വാസംമുട്ടലും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് ഭാര്യ വാർഡ് മെമ്പർ വർഗീസിനെ വിവരം അറിയിച്ചു. തുടർന്ന് 108 ആംബുലൻസ് എത്തിച്ചെങ്കിലും ഇടുങ്ങിയ വഴിയും ഇലക്ട്രിക് പോസ്റ്റുകളും കാരണം വീട്ടിലേക്ക് എത്താൻ സാധിച്ചില്ല.
രോഗിയുടെ നില ഗുരുതരമായതോടെ വാർഡ് മെമ്പർ പ്രാദേശിക കൂട്ടായ്മയായ ബ്രദേഴ്സ് ക്ലബിലെ യുവാക്കളെ വിവരമറിയിച്ചു. ഷിബിൻ, ലിബിൻ, ചാർലി, ഷിബു, സന്തോഷ്, പ്രിൻസ്, മിജുൻ, എബി, കുട്ടാച്ചൻ, സൻജോ, ജീസു, റെനി എന്നിവരാണ് സ്ഥലത്തെത്തിയത്.
യുവാക്കൾ രോഗിയെ കസേരയിൽ ഇരുത്തി തോളിലേറ്റി ഏകദേശം 500 മീറ്റർ ദൂരമുള്ള ദുർഘടപാതയിലൂടെ നടന്ന് ആംബുലൻസിൽ എത്തിച്ചു. തുടർന്ന് രാമൻകുട്ടിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ അദ്ദേഹം അപകടനില തരണം ചെയ്ത് സുഖം പ്രാപിച്ചുവരുന്നതായി വാർഡ് മെമ്പർ അറിയിച്ചു. പ്രദേശവാസികൾ യുവാക്കളുടെ സമയോചിതമായ ഇടപെടലിനെ പ്രശംസിച്ചു.






