വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മോദി തന്റെ അടുത്ത സുഹൃത്താണെന്ന് പറഞ്ഞ ട്രംപ്, ഇരുവരും തമ്മിലുള്ള സൗഹൃദം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ യാഥാർഥ്യമാകാൻ സഹായിക്കുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, വർഷങ്ങളായി ഇന്ത്യ ഉയർന്ന ഇറക്കുമതി തീരുവകളിലൂടെ അമേരിക്കയുമായുള്ള വ്യാപാര ബന്ധത്തിൽ നേട്ടമുണ്ടാക്കിയെന്ന് ട്രംപ് ആരോപിച്ചു. എന്നാൽ അമേരിക്ക പുതിയ തീരുവ നയങ്ങൾ നടപ്പാക്കിയതോടെ ആ സാഹചര്യം മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും നിലവിലുള്ള വ്യാപാര തർക്കങ്ങൾ പരിഹരിക്കുന്നതിനുമായി ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ട്രംപിന്റെ പരാമർശം. ഇതിനിടെ, ഇന്ത്യ ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് 12.5 ശതമാനം അധിക നികുതി ചുമത്താനുള്ള അമേരിക്കൻ ഭരണകൂടത്തിന്റെ നീക്കം ആശങ്കയ്ക്കും ഇടയാക്കിയിട്ടുണ്ട്.
നടന്നുകൊണ്ടിരിക്കുന്ന കരാർ ചർച്ചകളിൽ, ഇന്ത്യൻ ഉത്പന്നങ്ങൾക്കുമേലുള്ള നികുതി 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കാൻ അമേരിക്ക തയ്യാറാണെന്നാണ് റിപ്പോർട്ടുകൾ. ജൂൺ 1 മുതൽ 4 വരെ ന്യൂഡൽഹിയിൽ ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ വിശദമായ ചർച്ചകൾ നടത്തി. ചരക്ക് വ്യാപാരം, കസ്റ്റംസ് നടപടികൾ, സാമ്പത്തിക സുരക്ഷാ സഹകരണം തുടങ്ങിയ വിഷയങ്ങൾ ചർച്ചയിൽ ഉൾപ്പെട്ടു.
കരാർ അന്തിമഘട്ടത്തിലാണെന്നും പ്രധാന പ്രശ്നങ്ങളിൽ ഭൂരിഭാഗത്തിനും പരിഹാരമായിട്ടുണ്ടെന്നും അമേരിക്കൻ അംബാസഡർ സെർജിയോ ഗോറും കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലും അറിയിച്ചു.






