ന്യൂഡൽഹി: ടിക്കറ്റ് ബുക്കിങ്ങിലെ ക്രമക്കേടുകളും ദുരുപയോഗവും തടയാൻ ഐആർസിടിസി കർശന നടപടി സ്വീകരിച്ചു. മൂന്നു കോടിയിലധികം സംശയാസ്പദ യൂസർ ഐഡികൾ പ്രവർത്തനരഹിതമാക്കി. കൂടാതെ ആറ് കോടി യൂസർ ഐഡികൾക്ക് ആധികാരികതാ പരിശോധന നടപ്പിലാക്കി.
അനധികൃത ടിക്കറ്റ് ബുക്കിങ് തടയുന്നതിന്റെ ഭാഗമായി ഈ വർഷം 13,343 സംശയാസ്പദ ഇമെയിൽ ഡൊമെയ്നുകളും ബ്ലോക്ക് ചെയ്തിട്ടുണ്ട്. നാഷണൽ സൈബർ ക്രൈം പോർട്ടലിൽ 4.2 ലക്ഷം സംശയാസ്പദ പിഎൻആറുകളെ സംബന്ധിച്ച് ലഭിച്ച 501 പരാതികളിൽ നിന്നാണ് ഈ നടപടികൾ സ്വീകരിച്ചത്.
ട്രെയിനുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കുന്നതിനായി 200-ൽ അധികം അടുക്കളകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ക്യാമറകൾ സ്ഥാപിച്ചു. ഇതിലൂടെ ജീവനക്കാർ മാസ്‌കും ഗ്ലൗസും ധരിക്കുന്നുണ്ടോ, പരിസരം വൃത്തിയാണോ എന്നതും നിരീക്ഷിക്കാനാകും. ഐആർസിടിസിയുടെ പുതിയ സംവിധാനങ്ങൾ യാത്രാസൗകര്യവും ഭക്ഷണ സുരക്ഷയും മെച്ചപ്പെടുത്താനാണ് ലക്ഷ്യം.






