തൃശ്ശൂർ: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി ബിജെപി നേതാവ് ഷോൺ ജോർജ്. ഇന്ത്യൻ നിയമ വ്യവസ്ഥയെ വിലയ്ക്കു വാങ്ങാൻ കഴിയില്ലെന്ന് തെളിയിക്കുന്നതാണ് ഈ വിധിയെന്ന് അദ്ദേഹം പറഞ്ഞു.
കേസിൽ പുതുതായി തെളിവുകൾ ശേഖരിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുഴൽനാടൻ കേസും തന്റെ കേസും വ്യത്യസ്തമാണെന്നും ഷോൺ ജോർജ് വ്യക്തമാക്കി. നടന്നത് ക്രിമിനൽ കുറ്റമാണെന്നും അതിന് ഇമ്യൂണിറ്റി ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിന് ഓഹരി പങ്കാളിത്തമുള്ള കമ്പനിയിൽ വീണയുടെ നേതൃത്വത്തിൽ തിരിമറി നടന്നുവെന്നും, നൽകിയ സേവനങ്ങൾക്ക് വ്യാജ ഇൻവോയിസുകൾ തയ്യാറാക്കിയെന്നും ഷോൺ ജോർജ് ആരോപിച്ചു. ജിഎസ്ടി തട്ടിപ്പും നടന്നതായും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിനും കേസെടുക്കാൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വീണ ഇടനിലക്കാരിയാണെന്നും പ്രതി പിണറായി വിജയനാണെന്നും ഷോൺ ജോർജ് ആരോപിച്ചു. സ്വജനപക്ഷപാതിത്വത്തിനായാണ് പണം കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു.






