തിരുവനന്തപുരം: നഗരത്തിലെ തകരപ്പറമ്പ് ഭാഗത്ത് റോഡ് കയ്യേറി വേദി കെട്ടി പരിസ്ഥിതി ദിനാചരണം നടത്തിയ സംഭവത്തിൽ സംഘാടകർക്കെതിരെ പൊലീസ് കേസ് എടുത്തു. പുനർജനി എന്ന സംഘടനയുടെ കോ-ഓർഡിനേറ്റർക്കെതിരെയാണ് വഞ്ചിയൂർ പൊലീസ് കേസ് എടുത്തത്.
അനുമതി ഇല്ലാതെയാണ് തിരക്കേറിയ റോഡിൽ വേദി നിർമ്മിച്ചതെന്ന് പൊലീസ് അറിയിച്ചു. ഹൈക്കോടതി നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഇത്തരത്തിലുള്ള പരിപാടികൾ നടത്തരുതെന്ന മുന്നറിയിപ്പ് നിലനിൽക്കുന്നതിനിടെയാണ് റോഡ് കൈയ്യേറി പരിപാടി സംഘടിപ്പിച്ചത്.
പരിപാടി നടന്ന സ്ഥലത്ത് തിരുവനന്തപുരം കോർപ്പറേഷൻ എന്ന പേരും മുഖ്യമന്ത്രി, മേയർ, ഡെപ്യൂട്ടി മേയർ എന്നിവരുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയ പോസ്റ്ററുകളും സ്ഥാപിച്ചിരുന്നു. ഇതോടെ പ്രദേശത്ത് വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. സ്കൂൾ കുട്ടികൾ ഉൾപ്പെടെ റോഡിൽ കസേരകളിൽ ഇരുന്ന് പരിപാടിയിൽ പങ്കെടുത്തു. വാഹനങ്ങൾ വളരെ അടുത്തുകൂടി കടന്നുപോകേണ്ട സാഹചര്യമുണ്ടായി. സംഘാടകർ റോഡിന്റെ ഒരു ഭാഗം ഒഴിച്ചിട്ടാണ് പരിപാടി നടത്തിയതെന്നും വാഹന ഗതാഗതം തടസ്സപ്പെടുത്തിയിട്ടില്ലെന്നും പറയുന്നു.
അതേസമയം, റോഡ് കയ്യേറി നടത്തിയ പരിപാടി കോർപ്പറേഷന്റെ ഔദ്യോഗിക പരിപാടിയല്ലെന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും മേയർ വി.വി. രാജേഷ് വ്യക്തമാക്കി. നടപടികൾ സ്വീകരിക്കേണ്ടത് പൊലീസാണെന്നും അദ്ദേഹം പറഞ്ഞു.






